സോൾ: ഉത്തരകൊറിയ അന്തർവാഹിനിയിൽനിന്ന്‌ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ജപ്പാൻ കടലിൽ പതിച്ചു. ഉത്തരകൊറിയയിലെ സിൻപോ നഗരത്തിൽനിന്ന്‌ വിക്ഷേപിച്ച മിസൈലാണിതെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.

മിസൈൽ 60 കിലോമീറ്ററോളം ഉയരത്തിൽ 450 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചതായി ദക്ഷിണകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടു ബാലിസ്റ്റിക് മിസൈലുകൾ ഉത്തരകൊറിയ വിക്ഷേപിച്ചതായും പരീക്ഷണത്തെ അപലപിക്കുന്നതായും ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിന്ത പ്രതികരിച്ചു. ജനുവരിയിൽ മിസൈൽ പ്രദർശിപ്പിച്ചപ്പോൾ ലോകത്തെ ഏറ്റവും ശക്തിയുള്ള ആയുധമെന്നാണ് ഉത്തരകൊറിയ ഇതിനെ വിശേഷിപ്പിച്ചത്. ഉഗ്രപ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെ ഒട്ടേറേ മിസൈലുകൾ കഴിഞ്ഞ ആഴ്ചകളിലായി ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. ഇതിൽ ചില പരീക്ഷണങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്കെതിരേയുള്ളതാണെന്നും ആക്ഷേപമുണ്ട്.