വാഷിങ്ടൺ: വാഹന നിർമാണക്കമ്പനി നിസാന്റെ മുൻ തലവൻ കാർലോസ് ഘോനെ ജയിൽ ചാടി ജപ്പാൻ വിടാൻ സഹായിച്ച യു.എസ്. പൗരന്മാർക്ക് തടവുശിക്ഷ. യു.എസ്. പ്രത്യേക സേനാവിഭാഗം മുൻ ഉദ്യോഗസ്ഥൻ മൈക്കൽ ടെയ്‌ലറിനും (രണ്ടുവർഷം), മകൻ പീറ്റർ ടെയ്‌ലറിനു (ഒരുവർഷവും എട്ടുമാസവും) മാണ് ടോക്യോ ജില്ലാ കോടതി ശിക്ഷ വിധിച്ചത്.

2020 മേയിലാണ് ഇരുവരും യു.എസിലെ മാസച്യുസെറ്റ്സിൽ അറസ്റ്റിലാകുന്നത്. 9.85 കോടി രൂപ പ്രതിഫലം വാങ്ങി കാർലോസിനെ രക്ഷപ്പെടാൻ സഹായിച്ചെന്ന് തെളിഞ്ഞതോടെ മാർച്ചിൽ അമേരിക്ക ഇരുവരെയും ജപ്പാന് കൈമാറി. ജൂണിൽ ഇരുവരും കുറ്റം സമ്മതിച്ചു. കമ്പനിയുടെ പണം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതടക്കമുള്ള കേസുകളിൽ 2018 നവംബറിലാണ് കാർലോസ് ജപ്പാനിൽ അറസ്റ്റിലാകുന്നത്. പിന്നീട് വീട്ടുതടങ്കലിലായി. ഇവിടെനിന്ന് രക്ഷപ്പെട്ട് 2019 ഡിസംബറിലാണ് ജപ്പാനിലെ കൻസായി വിമാനത്താവളത്തിൽനിന്ന് പ്രത്യേക വിമാനത്തിന്റെ ചരക്കുപെട്ടിയിൽ കാർലോസ് ലെബനനിലേക്ക് കടന്നത്. താൻ സത്യസന്ധനാണെന്നും ജപ്പാനിൽ നീതി ലഭിക്കില്ലെന്നുമാണ് കാർലോസിന്റെ വാദം.