വാഷിങ്ടൺ: അമേരിക്കൻ ഓഡിറ്റിങ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ചൈനീസ് കമ്പനികളെ യു.എസ്. ഓഹരിവിപണികളിൽനിന്ന് ഒഴിവാക്കുന്ന നിയമത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച ഒപ്പുവെച്ചു, അടുത്തമാസം സ്ഥാനമൊഴിയുന്നതിനുമുമ്പ് ചൈനയ്ക്കുനേരെ ട്രംപ് പ്രയോഗിക്കുന്ന പുതിയ ആയുധമാണ് ഈ നിയമം.

തുടർച്ചയായി മൂന്നുവർഷം യു.എസ്. പബ്ലിക് അക്കൗണ്ടിങ് ഓവർസൈറ്റ് ബോർഡിന്റെ ഓഡിറ്റിനു വിധേയമാകാത്ത വിദേശ കമ്പനികളെ ഏതെങ്കിലും യു.എസ്. ഓഹരിവിപണിയിൽ ലിസ്റ്റുചെയ്യുന്നതിൽനിന്നു വിലക്കുന്ന ‘ഹോൾഡിങ് ഫോറിൻ കമ്പനീസ് അക്കൗണ്ടബിൾ’ നിയമത്തിലാണ് ട്രംപ് ഒപ്പിട്ടത്.

ഏതു രാജ്യത്തുനിന്നുമുള്ള കമ്പനികൾക്കും നിയമം ബാധകമാണെങ്കിലും അമേരിക്കയിൽ ലിസ്റ്റ്ചെയ്തിട്ടുള്ള ചൈനീസ് കമ്പനികളായ ആലിബാബ, പിൻഡുവോഡുവോ ഇൻകോർപ്പറേറ്റ്, പെട്രോചൈന കമ്പനി ലിമിറ്റഡ് എന്നിവയെയാണ് ലക്ഷ്യമിടുന്നത്. ചൈനീസ് വ്യാപാരസ്ഥാപനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ നിയമം, ഇക്കൊല്ലം ആദ്യം കോൺഗ്രസ് വലിയ ഭൂരിപക്ഷത്തോടെ പാസാക്കിയിരുന്നു.

വിദേശസർക്കാരിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ളതാണോയെന്ന് പുതിയനിയമപ്രകാരം കമ്പനികൾ വെളിപ്പെടുത്തേണ്ടിവരും. ചൈനീസ് സ്ഥാപനങ്ങളെ രാഷ്ട്രീയമായി അടിച്ചമർത്തുന്ന വിവേചനപരമായ നയമായാണ് ചൈനീസ് ഉദ്യോഗസ്ഥർ ഈ നടപടിയെ കാണുന്നത്. ദേശീയസുരക്ഷ ചൂണ്ടിക്കാട്ടി വിദേശ സ്ഥാപനങ്ങളുടെ ഓഡിറ്റിങ്ങിൽനിന്ന് സ്വന്തം കമ്പനികളെ ഒഴിവാക്കുകയാണ് ചൈന ചെയ്തുവരുന്നത്.