ബ്രസീലിയ: അമേരിക്കൻ മരുന്നുകമ്പനിയായ ഫൈസറും ജർമൻ കമ്പനിയായ ബിയോൺടെക്കും ചേർന്നുവികസിപ്പിച്ച കോവിഡ് പ്രതിരോധവാക്സിനെടുത്താൻ മനുഷ്യൻ മുതലകളായിമാറാമെന്ന് ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ. സ്ത്രീകൾക്ക് താടിമീശവളരാമെന്നും അദ്ദേഹം പറഞ്ഞു. ബ്രസീലിൽ വ്യാപകമായി പ്രതിരോധകുത്തിവെപ്പ് ബുധനാഴ്ച തുടങ്ങിയിരിക്കെയാണ് ബൊൽസൊനാരോയുടെ ആരോപണം. താൻ വാക്സിനെടുക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ചെറിയൊരു ജലദോഷമാണെന്നുപറഞ്ഞ് അവഗണിച്ചയാളാണ് ബൊൽസൊനാരോ. ‘‘പ്രതിരോധകുത്തിവെപ്പുമൂലം ഉണ്ടാകുന്ന പാർശ്വഫലങ്ങൾക്ക് ഉത്തരവാദിയല്ലെന്ന് കരാറിൽ ഫൈസർ വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങൾ മുതലയായി മാറിയാൽ, അത് നിങ്ങളുടെ പ്രശ്നമാണ്. നിങ്ങൾ അതിമാനുഷരായി മാറിയാൽ, സ്ത്രീക്ക് താടിമീശമുളച്ചാൽ, പുരുഷൻ സ്‌ത്രൈണസ്വരത്തിൽ സംസാരിച്ചാൽ അവർക്ക് ഒരു ഉത്തരവാദിത്വവുമില്ല’’ -അദ്ദേഹം പറഞ്ഞു.

വാക്സിൻ സൗജന്യമാണെന്നും എന്നുവെച്ച് എടുക്കണമെന്നു നിർബന്ധമില്ലെന്നും പ്രതിരോധകുത്തിവെപ്പ് ഉദ്ഘാടനംചെയ്ത് ബുധനാഴ്ച ബൊൽസൊനാരോ പറഞ്ഞിരുന്നു. എന്നാൽ, വാക്സിൻ എടുക്കേണ്ടത് വ്യക്തിയുടെ ബാധ്യതയാണെന്നാണ് വ്യാഴാഴ്ച രാജ്യത്തെ സുപ്രീംകോടതി വിധിച്ചത്. വാക്സിനെടുക്കാൻ ആരെയും നിർബന്ധിക്കരുതെന്നും എന്നാൽ, എടുക്കാതിരിക്കുന്നവർക്ക് പിഴ ചുമത്താനും അവരെ പൊതുസ്ഥലങ്ങളിൽനിന്ന്‌ വിലക്കാനും അധികൃതർക്ക് അധികാരമുണ്ടെന്നും വിധിയിൽപറയുന്നു.

ബ്രസീലിലെ 21.2 കോടി ജനങ്ങളിൽ 71 ലക്ഷത്തിലേറെപ്പേർക്കാണ് കോവിഡ് വന്നത്. 1.85 ലക്ഷം പേർ ഇതുമൂലം മരിക്കുകയും ചെയ്തു.