വാഷിങ്ടൺ: റഷ്യയിലെ അവശേഷിക്കുന്ന രണ്ട് യു.എസ്. നയതന്ത്രകാര്യാലയങ്ങൾകൂടി പൂട്ടാൻ ട്രംപ് സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ജനുവരി 20-ന് അധികാരമേൽക്കാൻ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ ഒരുങ്ങുന്നതിനിടെയാണ് റഷ്യയുമായുള്ള ബന്ധം കൂടുതൽ സംഘർഷഭരിതമാക്കുന്ന നടപടിക്ക് ട്രംപ് നീങ്ങുന്നത്.

വ്ലാദിവൊസ്തോക്കിലെ കാര്യാലയം അടയ്ക്കുമെന്നും യെകാറ്റെറിൻബർഗിലേതിന്റെ പ്രവർത്തനം നിർത്തുമെന്നും കാണിച്ച് വിദേശകാര്യവകുപ്പ് ഈ മാസം പത്തിന് കോൺഗ്രസിനു കത്തയച്ചതായി യു.എസ്. മാധ്യമമായ സി.എൻ.എൻ. റിപ്പോർട്ട് ചെയ്തു.

യു.എസ്. നയതന്ത്രകാര്യാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തിയ 2017-ലെ റഷ്യയുടെ നടപടിയും തത്ഫലമായി നയതന്ത്ര വിസകളുടെ കാര്യത്തിലുണ്ടായ പ്രശ്നങ്ങളുമാണ് ഇതിനു കാരണമായി വിദേശകാര്യവകുപ്പ് പറയുന്നത്. പൂട്ടുന്ന രണ്ടു നയതന്ത്രകാര്യാലയങ്ങളിലെയും പത്ത്‌ ഉദ്യോഗസ്ഥരോട് മോസ്കോയിലെ യു.എസ്. സ്ഥാനപതി കാര്യാലയത്തിലേക്കു മാറാൻ നിർദേശിക്കും. ഇരു കാര്യാലയങ്ങളിലും ജോലിചെയ്യുന്ന റഷ്യക്കാരായ 33 പേർക്ക് ജോലിപോകും. ഈ നയതന്ത്രകാര്യാലയങ്ങൾകൂടി പൂട്ടുന്നതോടെ റഷ്യയിലെ അമേരിക്കക്കാരുടെ കാര്യങ്ങൾ നോക്കുന്നതിനും ആ രാജ്യവുമായുള്ള ബന്ധം സുഗമമാക്കുന്നതിനും മോസ്കോയിലെ സ്ഥാനപതികാര്യാലയം മാത്രമേയുണ്ടാകൂ.

ജനുവരി 20-നുമുമ്പ് നടപടി പൂർത്തിയാകുമോ എന്ന് വ്യക്തമല്ല.