വാഷിങ്ടൺ: നിയുക്ത യു.എസ്. പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്ലും തിങ്കളാഴ്ച ഡെലാവറിൽ പൊതുജനങ്ങൾ കാൺകെ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കും. കോവിഡ് പ്രതിരോധ കുത്തിവെപ്പിൽ ജനങ്ങൾക്കു വിശ്വാസമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണിത്. ഫൈസർ വാക്സിനാണ് ബൈഡനും ജില്ലും സ്വീകരിക്കുകയെന്നും അദ്ദേഹത്തിന്റെ വക്താവ് ജെൻ സാകി പറഞ്ഞു.

മൊഡേണ വാക്സിന് അടിയന്തര ഉപയോഗ അനുമതി

വാഷിങ്ടൺ: മാസച്യുസെറ്റ് ആസ്ഥാനമായുള്ള മരുന്നുകമ്പനിയായ മൊഡേണ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന് അമേരിക്ക അടിയന്തര ഉപയോഗാനുമതി നൽകി. രാജ്യത്ത് ഈ അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്സിനാണിത്. ഫൈസർ-ബിയോൺടെക് വാക്സിന് നേരത്തേ അനുമതി നൽകിയിരുന്നു.

മൊഡേണയുടെ 60 ലക്ഷം ഡോസ് വാക്സിൻ രാജ്യവ്യാപകമായി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. രണ്ടാമത്തെ വാക്സിനും അനുമതി നൽകി കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായക നടപടി സ്വീകരിച്ചിരിക്കുകയാണ് ഫുഡ് ആൻഡ് ഡ്രഗ് അഡിമിസ്‌ട്രേഷൻ (എഫ്.ഡി.എ.) എന്ന് മേധാവി സ്റ്റീഫൻ ഹാൻ പറഞ്ഞു. അമേരിക്കയിൽ മരുന്നുപയോഗത്തിന് അനുമതി നൽകുന്നത് എഫ്.ഡി.എ.യാണ്.

സ്വിറ്റ്‌സർലൻഡും ഫൈസർ വാക്സിനെടുക്കും

ജനീവ: രണ്ടുമാസത്തെ വിശദമായ വിലയിരുത്തലിനുശേഷം ഫൈസർ വാക്സിന് സ്വിറ്റ്‌സർലൻഡ് അനുമതി നൽകി. 86 ലക്ഷം ജനങ്ങളുള്ള സ്വിറ്റ്‌സർലൻഡ് മരുന്നുകമ്പനികളായ ഫൈസർ-ബിയോൺടെക് (30 ലക്ഷം ഡോസ്), മൊഡേണ (75 ലക്ഷം), അസ്‌ട്രെസെനക്ക (53 ലക്ഷം) എന്നിവയുമായി 1.58 കോടി വാക്സിനുള്ള കരാറാണുണ്ടാക്കിയിരിക്കുന്നത്. ഇതിൽ ഫൈസറിന്റേതിനുമാത്രമാണ് ഇപ്പോൾ ഉപയോഗാനുമതി നൽകിയിരിക്കുന്നത്.

ചൈന ആദ്യം വാക്സിൻ നൽകുക മുൻനിര തൊഴിലാളികൾക്ക്

ബെയ്ജിങ്: ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ഉത്പന്നങ്ങൾ കൈകാര്യംചെയ്യുന്ന തൊഴിലാളികളുൾപ്പെടെയുള്ള മുൻനിര തൊഴിലാളികൾ ആദ്യം കോവിഡ് പ്രതിരോധവാക്സിൻ നൽകുമെന്ന് ചൈന അറിയിച്ചു. തുറമുഖങ്ങളിൽ പരിശോധന നടത്തുന്നവരും ക്വാറന്റീൻ കേന്ദ്രങ്ങൾ, വ്യോമയാനം, പൊതുഗതാഗതം, മത്സ്യ-മാംസച്ചന്തകൾ, ആരോഗ്യ-പ്രതിരോധമേഖലകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവരും ഇതിലുൾപ്പെടും.

വൈകാതെ തുടങ്ങുന്ന വാക്സിനേഷൻ മേയ്‌ക്കുള്ളിൽ പൂർത്തിയാക്കും. അതിനുശേഷമേ പൊതുജനങ്ങൾക്കുള്ള പ്രതിരോധകുത്തിവെപ്പ് ആരംഭിക്കൂ എന്ന് ദേശീയ ആരോഗ്യ കമ്മിഷൻ പറഞ്ഞു. എന്നാൽ, വ്യാപക കുത്തിവെപ്പിന്റെ തീയതിയോ ഏതു വാക്സിനാണ് നൽകുകയെന്നോ വ്യക്തമാക്കിയിട്ടില്ല. 12-ലേറെ വാക്സിനുകളുടെ പരീക്ഷണം രാജ്യത്തിനകത്തും പുറത്തും നടക്കുന്നുണ്ട്. ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ച വാക്സിന് യു.എ.ഇ.യും ബഹ്റൈനും അനുമതി നൽകിയിട്ടുണ്ട്.