വാഷിങ്ടൺ: സ്പേസ് എക്സിന്റെ ‘ഇൻസ്പിരേഷൻ-4’ ദൗത്യസംഘം ഹോളിവുഡ് താരം ടോം ക്രൂസുമായി സംസാരിച്ചു. മണിക്കൂറിൽ 28,162 കിലോമീറ്റർ വേഗത്തിൽ ഭൂമിയെ ചുറ്റുന്നതിനിടെയായിരുന്നു ആശയവിനിമയം. ബഹിരാകാശപേടകത്തിലെ ജീവിതത്തെക്കുറിച്ചുള്ള അനുഭവങ്ങൾ സംഘം ക്രൂസുമായി പങ്കുവെച്ചു.

ഇൻസ്പിരേഷൻ-4 എന്നുപേരുനൽകിയിട്ടുള്ള ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശസംഘത്തിലെ അംഗങ്ങളായ ജാരെഡ് ഐസാക്‌മാൻ, ഹാലി ആർസെനോക്സ്, സിയാൻ പ്രോക്ടർ, ക്രിസ് സെബ്രോസ്കി എന്നിവരാണ് ക്രൂസുമായി സംസാരിച്ചത്.

കഴിഞ്ഞവർഷം ക്രൂസ് നായകനാകുന്ന സിനിമ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ ഭൂഗുരുത്വമില്ലാത്ത അവസ്ഥയിൽ ചിത്രീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്പേസ് എക്സിന്റെ സഹായത്തോടെ നിർമിക്കപ്പെടുന്ന ചിത്രത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ക്രൂസ് സംഘവുമായി ആശയവിനിമയം നടത്തിയത്.

വ്യാഴാഴ്ചയാണ് നാലുപേരും അടങ്ങുന്ന ക്രൂ ഡ്രാഗൺ പേടകം ബഹിരാകാശയാത്ര ആരംഭിച്ചത്. സംഘത്തിലാർക്കും ദീർഘകാല ബഹിരാകാശപരിശീലനം ലഭിച്ചിട്ടില്ലെന്നതാണ് ഇൻസ്പിരേഷൻ-4-ന്റെ പ്രത്യേകത. മൂന്നുദിവസം ഭൂമിയെ വലംവെക്കുന്ന സംഘം ഞായറാഴ്ച ഫ്ളോറിഡ തീരത്തോടുചേർന്ന് കടലിൽ ലാൻഡ് ചെയ്യും.