ദുബായ്: യു.എ.ഇ.യിലെ മറ്റ് എമിറേറ്റുകളിൽനിന്ന് അബുദാബിയിൽ പ്രവേശിക്കുന്നതിന് ഇനിമുതൽ കോവിഡ് പരിശോധനാഫലം ഹാജരാക്കേണ്ടതില്ല. ഞായറാഴ്ച മുതൽ പരിശോധന നടത്താതെതന്നെ അബുദാബിയിൽ പ്രവേശിക്കാം. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനമെന്ന് അബുദാബി ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇനി മുതൽ ദുബായ് ഉൾപ്പെടെയുള്ള എമിറേറ്റുകളിൽനിന്ന്‌ അബുദാബിയിലേക്ക് യാത്ര ചെയ്യൽ എളുപ്പമാകും. എന്നാൽ യു.എ.ഇ.യ്ക്ക് പുറത്തുനിന്ന് അബുദാബി വിമാനത്താവളത്തിൽ എത്തുന്നവർക്ക് കോവിഡ് പി.സി.ആർ. നെഗറ്റീവ് ഫലം നിർബന്ധമാണ്.

പഴുതടച്ച സുരക്ഷാ വ്യവസ്ഥകളിലൂടെയാണ് അബുദാബിയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞത്. അബുദാബിയിൽ മാത്രമായി പ്രതിദിന പരിശോധനയിൽ 0.2 ശതമാനം പേർക്ക് മാത്രമാണ് നിലവിൽ പോസിറ്റീവ് ഫലം ലഭിക്കുന്നതെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. പൊതുഇടങ്ങളിൽ പ്രവേശിക്കുന്നതിന് കോവിഡ് ബാധിതരല്ലെന്ന് വ്യക്തമാക്കുന്ന ഗ്രീൻപാസ് സംവിധാനം നിർബന്ധമാക്കിയതാണ് കോവിഡ് വ്യവസ്ഥകളിൽ അബുദാബി ഏറ്റവുമൊടുവിൽ ഉൾപ്പെടുത്തിയ തീരുമാനം. ഇത് കോവിഡ് വ്യാപനം തടയുന്നതിനും സാമൂഹികസുരക്ഷ ഉറപ്പാക്കുന്നതിനും നിർണായക നീക്കമായി. സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും വാക്സിൻ ലഭ്യതയുറപ്പാക്കുന്നതിന് സമഗ്രമായ വാക്സിൻ യജ്ഞമാണ് അബുദാബി ആരോഗ്യവകുപ്പ് നടപ്പാക്കുന്നത്. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാളുകൾ തുടങ്ങിയെല്ലാ മേഖലകളിലും വാക്സിൻ ബൂസ്റ്റർ ലഭ്യമാക്കിവരികയാണ്.

മഹാമാരിയെ പൂർണമായും തുടച്ചുനീക്കുന്നതിന് സമഗ്ര പരിശോധനാ സംവിധാനമാണ് നടപ്പാക്കിവരുന്നതെന്ന് അബുദാബി ഗവ. മീഡിയ ഓഫീസ് അറിയിച്ചു. രോഗവ്യാപനം തടയുന്നതിന് സർക്കാർ നടത്തിവരുന്ന സുരക്ഷാ ശ്രമങ്ങളോട് പൊതുസമൂഹം നൽകിവരുന്ന സഹകരണവും അഭിനന്ദനീയമാണ്. സ്കൂൾ തുറന്നുപ്രവർത്തനം ആരംഭിച്ചതുമുതൽ സൗജന്യ പി.സി.ആർ. പരിശോധനയാണ് വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നത്.

പരിശോധനാ നിരക്ക് 50 ദിർഹ(ഏകദേശം 1003 രൂപ)മാക്കി ചുരുക്കിയാണ് സാധാരണക്കാർക്കും സൗകര്യമുറപ്പിക്കുന്നത്. നിലവിൽ മൂന്നുലക്ഷം പ്രതിദിന പരിശോധനയാണ് യു.എ.ഇ.യിൽ നടക്കുന്നത്.