പാരിസ്: ഏഷ്യ-പസഫിക് മേഖലയിൽ ചൈന ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ യു.കെ.യും അമേരിക്കയും ഓസ്‌ട്രേലിയയും ചേർന്ന് ഒപ്പുവെച്ച പുതിയ പ്രതിരോധ, സുരക്ഷാ കരാറിൽ പ്രതിഷേധിച്ച് നയതന്ത്ര സ്ഥാനപതിമാരെ തിരികെവിളിച്ച് ഫ്രാൻസ്.

കരാറിൽ പ്രതിഷേധിച്ച് കൂടിയാലോചനകൾക്കായി യു.എസിലെയും ഓസ്ട്രേലിയയിലെയും ഫ്രഞ്ച് സ്ഥാനപതിമാരെ തിരികെ വിളിക്കുന്നതായി ഫ്രാൻസ് വ്യക്തമാക്കി.

ഇതാദ്യമാണ് ഇരുരാജ്യങ്ങളിൽനിന്നുമുള്ള സ്ഥാനപതികളെ ഫ്രാൻസ് തിരികെ വിളിക്കുന്നത്. എന്നാൽ, ഫ്രാൻസിന്റെ നിരാശ മനസ്സിലാക്കുന്നുവെന്നും ഫ്രാൻസുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഓസ്‌ട്രേലിയൻ വിദേശമന്ത്രി മാരിസ് പെയ്ൻ പ്രതികരിച്ചു.

ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികൾ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഓസ്‌ട്രേലിയക്ക് കൈമാറുന്നതാണ് കരാർ.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും യു.കെ. പ്രധാനമന്ത്രി ബോറിസ് ജോൺസണും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ചേർന്ന് ബുധനാഴ്ചയാണ് കരാർ പ്രഖ്യാപിച്ചത്. പിന്നാലെ ഓസ്‌ട്രേലിയ പിന്നിൽനിന്ന് കുത്തിയെന്ന് ഓസ്ട്രേലിയയുമായുള്ള അന്തർവാഹിനിക്കരാർ നഷ്ടമായ ഫ്രഞ്ച് വിദേശമന്ത്രി ജീൻ വൈവെസ് ലെ ദ്രിയാൻ പ്രതികരിച്ചിരുന്നു.