ദുബായ്: യു.എ.ഇ.യിൽ പ്രതിദിന കോവിഡ് സംഖ്യ 500-ൽ താഴെയെത്തി. പുതുതായി 471 പേർക്കുമാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യപ്രതിരോധമന്ത്രാലയം അറിയിച്ചു. അതോടൊപ്പം 604 പേർകൂടി രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. ഇതുവരെയുള്ള കണക്കുകൾപ്രകാരം ആകെ 7,32,299 പേർക്ക് യു.എ.ഇ.യിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,23,941 പേർ രോഗമുക്തരാവുകയും 2073 പേർ മരണപ്പെടുകയുംചെയ്തു. നിലവിൽ 6285 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

രാജ്യത്ത് കോവിഡ് വാക്സിനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. സെപ്‌റ്റംബർ 16 വരെയുള്ള കണക്കുകൾപ്രകാരം ജനസംഖ്യയിലെ 80.29 ശതമാനംപേരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചുകഴിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവർ 91.32 ശതമാനമാണ്. ഫൈസർ, സിനോഫാം എന്നിവയുടെ ബൂസ്റ്റർ ഡോസും നൽകുന്നുണ്ട്. 60 വയസ്സുകഴിഞ്ഞവർക്കും രോഗികൾക്കും ബുക്കിങ്ങില്ലാതെ വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളെത്തി വാക്സിൻ സ്വീകരിക്കാനുള്ള അവസരവുമുണ്ട്. നിലവിൽ 12 വയസ്സിനുമുകളിലുള്ളവർക്കാണ് ഫൈസർ വാക്സിൻ നൽകുന്നത്. അതേസമയം, ദുബായ് എക്സ്‌പോ-2020 വേദി സന്ദർശിക്കുന്ന 18 വയസ്സിനും അതിനുമുകളിലും ഉള്ളവർ വാക്സിനേഷൻ സർട്ടിഫിക്കറ്റോ കോവിഡ് നെഗറ്റീവ് ഫലമോ ഹാജരാക്കണം.

72 മണിക്കൂറിനിടെ കോവിഡ് പരിശോധന നടത്തിയുള്ള നെഗറ്റീവ് ഫലമാണ് കരുതേണ്ടത്. എക്സ്‌പോ സന്ദർശകർ അവരവരുടെ രാജ്യത്ത് അംഗീകാരമുള്ള വാക്സിനുകൾ എടുത്താൽ മതിയാവും.