ജറുസലേം: ലെബനനിലെ സായുധസംഘടനയായ ഹിസ്ബുള്ളയുമായി ഏറ്റുമുട്ടേണ്ടിവന്നാൽ പ്രതിദിനം 2000 റോക്കറ്റുകൾ വരെ ചെറുക്കാൻ സജ്ജമാണെന്ന് ഇസ്രയേൽ. എന്നാൽ ഹിസ്ബുള്ളയുമായി യുദ്ധം ചെയ്യാൻ ഇസ്രയേൽ ആഗ്രഹിക്കുന്നില്ലെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ ഉറി ഗോർദിൻ പറഞ്ഞു.

മേയിൽ പലസ്തീൻ സായുധസംഘമായ ഹമാസുമായി നടന്ന 11 ദിവസംനീണ്ട ഏറ്റുമുട്ടലിൽ പ്രതിദിനം 400 റോക്കറ്റുകളാണ് ഇസ്രയേലിനു നേരിടേണ്ടി വന്നത്. ഹിസ്ബുള്ളയുമായി സംഘർഷം രൂക്ഷമായാൽ ഇതിന്റെ അഞ്ചു മടങ്ങ് റോക്കറ്റുകളാകും ലെബനനിൽനിന്നും ഇസ്രയേലിലെത്തുക. അതിനാൽ 1500 മുതൽ 2500 വരെ റോക്കറ്റുകൾ പ്രതിദിനം പ്രതിരോധിക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീനുമായി 11 ദിവസം നീണ്ടുനിന്ന സംഘർഷങ്ങളിൽ മൊത്തം 4400 റോക്കറ്റുകളാണ് ഇസ്രയേലിലെത്തിയത്. കഴിഞ്ഞ പത്തുകൊല്ലമായി ഇസ്രയേൽ ഉപയോഗിച്ചു വരുന്ന അയേൺ ഡോം എന്ന പ്രതിരോധ സംവിധാനം ഇവയിൽ 90 ശതമാനത്തിലേറെയും നശിപ്പിച്ചിരുന്നു.