മിൻസ്ക്: ഫ്രഞ്ച് സ്ഥാനപതി നിക്കോളാസ് ദെ ലാകോസ്റ്റെയെ ബെലാറസ് സർക്കാർ പുറത്താക്കി. കാരണം വ്യക്തമാക്കാതെയാണ് നടപടി. എന്നാൽ, തന്റെ യോഗ്യതകൾ ബെലാറസ് പ്രസിഡന്റ് അലക്സാൻഡർ ലുകാഷെങ്കോയെ ബോധ്യപ്പെടുത്തുന്നതിൽ നിക്കോളാസ് പരാജയപ്പെട്ടതിനാലാണ് നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തിങ്കളാഴ്ചയോടെ രാജ്യം വിടണമെന്ന സർക്കാരിന്റെ ഉത്തരവുപ്രകാരം ഞായറാഴ്ച സ്ഥാനപതി ഫ്രാൻസിലേക്ക് തിരിച്ചുപോയെന്ന് എ.എഫ്.പി. വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞകൊല്ലമാണ് നിക്കോളാസിനെ സ്ഥാനത്തേക്ക് നിയമിച്ചത്.

ലുകാഷെങ്കോ ആറാംതവണ പ്രസിഡന്റ് സ്ഥാനത്തെത്തിയ 2020 ഓഗസ്റ്റിലെ തിരഞ്ഞെടുപ്പുഫലം യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളെപ്പോലെ ഫ്രാൻസും അംഗീകരിച്ചിട്ടില്ല. 1994-ൽ പ്രസിഡന്റ് സ്ഥാനത്തെത്തിയ ലുകാഷെങ്കോ 27 കൊല്ലമായി തത്‌സ്ഥാനത്ത് തുടരുകയാണ്. തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുണ്ടായെന്ന് ചൂണ്ടികാട്ടി യൂറോപ്യൻ യൂണിയൻ ബെലാറസിനുമേൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പാശ്ചാത്യ വിമർശനങ്ങളെ തള്ളി റഷ്യൻ പിന്തുണയോടെ ഭരണം തുടരുകയാണ് ലുകാഷെങ്കോ. ഓഗസ്റ്റിൽ യു.എസ്. സ്ഥാനപതിയായ ജൂലി ഫിഷറിന്റെ നിയമനവും ബെലാറസ് തള്ളിയിരുന്നു.