ബെയ്ജിങ്: ചൈനയിലെ ടിയാൻജിൻ നഗരത്തിൽ ഐസ്‌ക്രീം സാംപിളുകളിൽ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. രോഗബാധിതർ ഉപയോഗിച്ചതിനെ തുടർന്ന് കഴിഞ്ഞാഴ്ച രോഗനിയന്ത്രണ കേന്ദ്രത്തിനയച്ച ഐസ്‌ക്രീം സാംപിളുകളിലാണ് വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്. കമ്പനി ഉത്പാദിപ്പിച്ച മുഴുവൻ വസ്തുക്കളും പിടിച്ചെടുത്തതായും 1600-ലേറെ ജീവനക്കാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. ഒറ്റപ്പെട്ട സംഭവം മാത്രമാണിതെന്നും ഏതെങ്കിലും വ്യക്തിയിൽനിന്നാകും വൈറസ് ഐസ്‌ക്രീമിലെത്തിയതെന്നും അണുരോഗവിദഗ്ധനായ സ്റ്റീഫൻ ഗ്രിഫിൻ പറഞ്ഞു. ന്യൂസീലൻഡ്, യുക്രൈൻ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത അസംസ്‌കൃത വസ്തുക്കളാണ് ഐസ്‌ക്രീമിന്റെ നിർമാണത്തിനായി ഉപയോഗിച്ചത്. ചൈനയിൽ നേരത്തേയും ഇറക്കുമതിചെയ്ത ഭക്ഷണപ്പൊതികളിൽ കോവിഡ് സാന്നിധ്യം കണ്ടെത്തിയിരുന്നു.