ജനീവ: സമ്പന്നരാജ്യങ്ങൾ കോവിഡ് പ്രതിരോധ വാക്സിനുകൾ സ്വന്തമാക്കുകയും ദരിദ്രരാജ്യങ്ങൾ ബുദ്ധിമുട്ട് നേരിടുകയും െചയ്യുന്ന അത്യാപത്തിനരികിലാണ് ലോകമെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.).
‘‘ആദ്യം ഞാനെന്ന സമ്പന്നരാജ്യങ്ങളുടെ നിലപാടും ഇത്തരം രാജ്യങ്ങളിൽ അടിയന്തര അനുമതിക്കായി കാത്തുനിൽക്കുന്ന വാക്സിൻ നിർമാതാക്കളുടെ മനോഭാവവും വിതരണത്തിൽ അസമത്വത്തിനു വഴിവെച്ചേക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ. ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ് പറഞ്ഞു.
ലോകമെങ്ങും വാക്സിന്റെ തുല്യമായ ഉപയോഗം ഗൗരവകരമായ ഭീഷണി നേരിടുന്നു. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ 3.9 കോടി ഡോസുകൾ ഇതുവരെ നൽകിയിട്ടുണ്ട്. എന്നാൽ ദരിദ്രരാജ്യങ്ങളിൽ 25 ഡോസുകൾ മാത്രമാണ് നൽകിയത്. രണ്ടരക്കോടിയോ ഇരുപത്തയ്യായിരമോ അല്ല. വെറും 25”- അദ്ദേഹം പറഞ്ഞു. തുല്യമായ വിതരണത്തെക്കുറിച്ച് ഉറപ്പുനൽകിയ പല രാജ്യങ്ങളും വാക്കുപാലിച്ചില്ലെന്നും ടെഡ്രോസ് കുറ്റപ്പെടുത്തി.