കാൻബെറ: ഓസ്ട്രേലിയയിൽ ഫെയ്സ്ബുക്ക് വഴി വാർത്തകൾ പങ്കിടുന്നതിന് കമ്പനി വിലക്കേർപ്പെടുത്തി. ഉള്ളടക്കം പങ്കിടുന്നതിന് ഗൂഗിളും ഫെയ്സ്ബുക്കുമടക്കമുള്ള കമ്പനികൾ രാജ്യത്തെ മാധ്യമസ്ഥാപനങ്ങൾക്ക് പ്രതിഫലം നൽകണമെന്ന നിയമം ഓസ്ട്രേലിയൻ പാർലമെന്റ് പാസാക്കാനിരിക്കെയാണ് ഫെയ്സ്ബുക്കിന്റെ ഭാഗത്തുനിന്ന് അപ്രതീക്ഷിത നീക്കമുണ്ടായിരിക്കുന്നത്. തീപ്പിടിത്തം, വെള്ളപ്പൊക്കം തുടങ്ങിയ അടിയന്തരസാഹചര്യത്തിങ്ങളിൽ സേവനം ലഭ്യമാക്കുന്നതിനുള്ള സർക്കാരിന്റെ ഔദ്യോഗിപേജുകളും ചില വാണിജ്യപേജുകളും വിലക്കിയവയിൽ ഉൾപ്പെടു. നീക്കത്തെ ഓസ്ട്രേലിയൻ സർക്കാർ അപലപിച്ചു. അടിയന്തര സേവനങ്ങൾക്ക് താത്കാലിക വിലക്കേർപ്പെടുത്തിയതിലൂടെ ഫെയ്സ്ബുക്ക് പൊതുജനസുരക്ഷ ഭീഷണിയിലാക്കിയെന്ന് സർക്കാർ ആരോപിച്ചു. അതേസമയം, പ്രതിനിധിസഭ പാസാക്കിയ ബില്ല് സെനറ്റുകൂടി അംഗീകരിച്ചാൽ നിയമമാകും. ഓസ്ട്രേലിയയിൽ പ്രതിഫലം സംബന്ധിച്ച നിയമം നടപ്പാക്കിയാൽ മറ്റു രാജ്യങ്ങളും അതേറ്റുപിടിച്ചേക്കുമെന്നാണ് ടെക് ഭീമന്മാർ ഭയക്കുന്നത്. നിയമവുമായി സർക്കാർ മുന്നോട്ടു പോകുന്നതാണ് ഫെയ്സ്ബുക്കിന്റെ പുതിയ നീക്കത്തിനു കാരണമെന്ന് പാർലമെന്റംഗവും ട്രഷററുമായ ജോഷ് ഫ്രൈഡെൻബെർഗ് പറഞ്ഞ‍ു. മുന്നറിയിപ്പില്ലാത്തതും അനാവശ്യവുമാണ് നടപടി. ഫെയ്സ്ബുക്ക് ചീഫ് എക്സിക്യൂട്ടീവ് മാർക്ക് സക്കർബെർഗുമായി ചർച്ചനടത്തിയിട്ടുണ്ടെന്നും വിശദമായ നിർദേശങ്ങൾ മുന്നോട്ടുവെക്കുമെന്ന്‌ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമം കൊണ്ടുവന്നാൽ സർക്കാർ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഗൂഗിളും ഫെയ്സ്ബുക്കും നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. രാജ്യത്ത് സേവനം നിർത്തുമെന്നായിരുന്നു ഗൂഗിളിന്റെ ഭീഷണി. അതിനിടെ, ഗൂഗിളുമായി ധാരണയിലെത്തിയതായി റൂപേർട്ട് മർഡോക്കിന്റെ ന്യൂസ് കോർപ്പറേഷൻ ബുധനാഴ്ച പ്രഖ്യാപിച്ചു. സെവെൻ വെസ്റ്റ് അടക്കമുള്ള രാജ്യത്തെ സുപ്രധാന മാധ്യമങ്ങളും ഗൂഗിളുമായി കരാറിലെത്തിയെന്നാണ് വിവരം.