: 52 വർഷങ്ങളുടെ പഴക്കമാണ് മലപ്പുറം ജില്ലയ്ക്കുള്ളതെങ്കിലും സാംസ്‌കാരിക സമന്വയങ്ങളുടെ സമ്പന്നമായ പൈതൃകം മലബാറിന്റെ തെക്കേയറ്റത്തുള്ള ഗ്രാമപ്രദേശങ്ങൾക്കും അവകാശപ്പെട്ടതാണ്. സമൃദ്ധമായ ഒരു പൂർവകാല പാരമ്പര്യം മാത്രമല്ല കൊള്ളലിന്റെയും കൊടുക്കലിന്റെയും നീരൊഴുക്കുകൂടി അവർ തലമുറകളിലേക്ക് പകർന്നു. സ്വന്തം ചങ്കിലെ ചോര പിഴുതെടുത്തും അപരന്റെ പ്രാണനെ സംരക്ഷിക്കുന്ന നാട്ടുകാരുടെ ആത്മപ്രകാശം ഇന്നും ചിരപരിചിതമാണല്ലോ. അതുകൊണ്ടുതന്നെയാവാം, വീര്യം പകരുന്ന മഹാസ്മരണകൾ ഇന്നും പുതുയുഗത്തിനുപോലും ആവേശമാകുന്നത്.

സ്വതന്ത്ര്യാനന്തരം തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂർ, മലബാർ എന്നീ ജില്ലകളുമായി ഐക്യകേരളം രൂപപ്പെടുകയും പിന്നീട് മാറിവന്ന സർക്കാരുകൾ ഭരണസൗകര്യത്തിനായി കൂടുതൽ ജില്ലകൾ രൂപവത്‌കരിക്കുകയും ചെയ്തു. അങ്ങനെ 1969 ജൂൺ 16-നാണ് മലപ്പുറം ജില്ല രൂപപ്പെടുന്നത്. മണ്ണും മഴയും പുഴയും കൃഷിയുമെല്ലാം ഇടകലർന്ന് രൂപപ്പെട്ട ജീവിതരീതികളായിരുന്നു മലബാറിന്റെ തെക്കേയറ്റത്ത് തുടർന്നുവന്നത്. അതുകൊണ്ടുതന്നെയാവാം ആചാരങ്ങളും ആഘോഷങ്ങളും വിചാരങ്ങളും എല്ലാം പ്രകൃതിയുമായി ഏറെ ഇഴുകിച്ചേർന്നതായിരുന്നു.

മലബാറിന്റെ അധികാരം ഏകദേശം 750 വർഷത്തിലധികം സാമൂതിരിമാരുടെ കരങ്ങളിലായിരുന്നു എന്നാണ് ചരിത്രരേഖകൾ. കോഴിക്കോട് കേന്ദ്രമായിട്ടാണ് ഭരണം നിർവഹിച്ചിരുന്നതെങ്കിലും ഇന്നത്തെ മലപ്പുറം ജില്ലയുടെ പ്രധാന ഭാഗങ്ങളിലെല്ലാം സാമൂതിരി ഭരണത്തിന്റെ സ്വാധീനം ശക്തമായിരുന്നു. 1498-ൽ വാസ്‌കോഡഗാമ കാപ്പാട് എത്തിച്ചേർന്നപ്പോൾ അന്നത്തെ സാമൂതിരി പൊന്നാനിയിലായിരുന്നു താമസം. പൊന്നാനി പുരാതനമായ ഒരു തുറമുഖനഗരമാണ്. സാമൂതിരിയുടെ നാവികപ്പടത്തലവനായിരുന്ന കുഞ്ഞാലിമരക്കാരും കുടുംബവും കുറച്ചുകാലം ഇവിടെ താമസിച്ചതായും പിന്നീട് 1507-ൽ പോർച്ചുഗീസ് നാവികനായിരുന്ന ഡി അൽമേഡ നഗരം ചുട്ടെരിച്ചതിനെത്തുടർന്ന് പൊന്നാനിയിൽനിന്നും ഒഴിഞ്ഞുപോയെന്നും രേഖകൾ സൂചിപ്പിക്കുന്നു.

വള്ളുവനാട്ടിലേക്കുള്ള സാമൂതിരിയുടെ കടന്നുവരവ് മധ്യകാല കേരളത്തിൽ നടന്നിരുന്ന മാമാങ്കം എന്ന ഉത്സവവുമായി ബന്ധപ്പെട്ടായിരുന്നു. ചേരചക്രവർത്തിമാരായിരുന്നു മാമാങ്കത്തിന് അധ്യക്ഷതവഹിച്ചിരുന്നത്. പിന്നീട് ആ പദവി വള്ളുവനാടിന്റെ രാജാവ് വള്ളുവക്കോനാതിരിക്ക് ലഭിച്ചത് സമൂതിരിയിൽ അസംതൃപ്തിയുണ്ടാക്കി. പതിമ്മൂന്നാം ശതകത്തിന്റെ അന്ത്യത്തോടെ സാമൂതിരി വള്ളുവനാട് അക്രമിക്കുകയും മാമാങ്കത്തിന്റെ രക്ഷാധികാരസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.

മൈസൂരിൽനിന്നും ഹൈദരലിയുടെ വരവോടെ സാമൂതിരിയുടെ കാലഘട്ടം അവസാനിച്ചു. പിന്നീട് ടിപ്പുവും ബ്രിട്ടീഷുകാരും തമ്മിൽ 1792-ൽ ഉണ്ടാക്കിയ ശ്രീരംഗപട്ടണം കരാറനുസരിച്ച് മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിലായി. കടൽകടന്നെത്തിയ ഇംഗ്ലീഷുകാരന്റെ അലർച്ചകൾകേട്ട് പിറന്നനാട്ടിൽ അസ്വസ്ഥരായി കഴിയേണ്ടിവന്ന ആ തലമുറ അവരുടെ സ്വതന്ത്ര്യത്തെക്കുറിച്ച് ആലോചിച്ചു.

ഹൈദരലിയും ടിപ്പുവും തുടങ്ങിവെച്ച ഭൂനികുതിസമ്പ്രദായം ബ്രട്ടീഷുകാരുടെ കാലത്ത് ദുസ്സഹമായി വർധിപ്പിച്ചത് ജനങ്ങളെ ദുരിതത്തിലാഴ്ത്തി. ബ്രട്ടീഷ് ഭരണം സാമ്പത്തിക വ്യവസ്ഥയെതന്നെ മാറ്റിമറിച്ചു. കൃഷിക്കാർക്ക് ഭൂമിയിൽ അവകാശമില്ലാതാവുകയും അവയെല്ലാം ജന്മിമാരുടെ സ്വകാര്യസ്വത്തായി മാറുകയും ചെയ്തു. ദുരിതപൂർണമായ ജീവിതം നയിച്ച കൃഷിക്കാരും കുടിയാന്മാരും; ജന്മികൾക്കും അവരെ സഹായിച്ച ബ്രിട്ടീഷുകാർക്കുമെതിരേ പ്രതിഷേധങ്ങൾ ആരംഭിച്ചു. ഈ പ്രതിഷേധങ്ങൾ ലഹളകളെന്ന് അറിയപ്പെട്ടു. ജീവിതസമരത്തിന്റെ ഈ പ്രതിഷേധലഹളകൾ കലാന്തരങ്ങളിൽ കലാപമായിമാറി. പിന്നീട് കാർഷിക ലഹള എന്നും മലബാർ കലാപം എന്നും മാപ്പിള ലഹള എന്നും വിളിക്കപ്പെട്ട ഈ കലാപം ഇന്ത്യൻ സ്വതന്ത്ര്യസമര ചരിത്രത്തിൽ ബ്രിട്ടീഷുകാർക്കെതിരേനടന്ന സായുധകലാപങ്ങളിൽ ഒന്നായിരുന്നു എന്നതിൽ രണ്ടുപക്ഷമുണ്ടാവില്ല.

പൂക്കോട്ടൂരും തിരൂരങ്ങാടിയും ഏറനാടും എല്ലാം സമരചരിത്രങ്ങളുടെ താളുകളിൽ വീര്യംപകരുന്ന നാട്ടുപേരുകളാണ്. പതിനായിരത്തോളം ആളുകളാണ് മലബാർ കലാപത്തിൽ മരിച്ചുവീണത്. അതിലേറെ ആളുകളെ അറസ്റ്റുചെയ്യുകയും ആയിരക്കണക്കിനാളുകളെ നാടുകടത്തുകയും ചെയ്തു. ശിക്ഷിക്കപ്പെട്ടവരെ ജയിലിലിടാൻ സ്ഥലം തികയാതെവന്നപ്പോൾ അവരെ ഒരു ഗുഡ്‌സ് വാഗണിൽ കുത്തിനിറച്ച് കോയമ്പത്തൂരിലെ ബല്ലാരി ജയിലിലേക്ക് കൊണ്ടുപോയി. പ്രാണവായുപോലും കിട്ടാതെ അതിനുള്ളിൽ കിടന്ന് 72 പേർ പിടഞ്ഞുമരിച്ചു. മലമൂത്ര വിസർജനത്തിൽ പരസ്പരം കെട്ടിപ്പിടിച്ചനിലയിൽ അവരുടെ മൃതദേഹങ്ങൾ തിരൂരിൽ തിരിച്ചെത്തിക്കുകയുണ്ടായി. ഇതാണ് കുപ്രസിദ്ധമായ വാഗൺ ട്രാജഡി ദുരന്തം എന്ന് അറിയപ്പെടുന്നത്‌.

സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ ഈ വള്ളുവനാടൻ ഗ്രാമങ്ങളെയും സ്വാധീനിച്ചു. കലാപങ്ങളുടെയും കലഹങ്ങളുടെയും കാലഘട്ടങ്ങളിൽനിന്ന് ഈ ജനത ദേശസ്നേഹത്തിന്റെ പൊതുധാരയിലേക്ക് നടന്നടുത്തു. സ്വാതന്ത്ര്യലബ്ദിയുടെ വേളയിൽ രാജ്യത്തിന്റെ പലഭാഗങ്ങളിലും കലാപങ്ങളുണ്ടായെങ്കിലും മലബാർ ശാന്തമായിരുന്നു.

ഐക്യകേരളത്തിന്റെ പിറവിക്കുമുമ്പ് മദിരാശി സംസ്ഥാനത്തിന്റെ ഒരു പ്രധാന ജില്ലയായിരുന്നു മലബാർ. കേരളം രൂപവത്‌കരിച്ചപ്പോൾ മലബാറിനെ കണ്ണൂർ, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളായി വിഭജിച്ചു. 1969 ജൂൺ 16-ന് കോഴിക്കോട് ജില്ലയിലെ കോഴിക്കോട്, തിരൂർ എന്നീ താലൂക്കുകളും പാലക്കാട് ജില്ലയിലെ പൊന്നാനി, പെരിന്തൽമണ്ണ തുടങ്ങിയ താലൂക്കുകളിലെ ഭൂരിഭാഗംവരുന്ന പ്രദേശങ്ങളും കൂട്ടിച്ചേർത്ത് മലപ്പുറം ജില്ലയ്ക്ക് രൂപംനൽകി.

സമ്പന്നമായ സാഹിത്യ കലാ ചരിത്രം

മലപ്പുറം ജില്ലയ്ക്ക് വളരെ സമ്പമായ ഒരു സാഹിത്യചരിത്രമാണുള്ളത്. സാഹിത്യത്തിന്റെ വളക്കൂറുള്ള മണ്ണിലെ ‘പൊന്നാനിക്കളരി’ ഏറെ പ്രസിദ്ധമാണ്. തുഞ്ചത്തെഴുത്തച്ഛൻ, വള്ളത്തോൾ, ഇടശ്ശേരി, കുട്ടികൃഷ്ണ മാരാർ, എം.ടി. വാസുദേവൻനായർ, എം. ഗോവിന്ദൻ, നാലപ്പാട് നാരായണ മേനോൻ, ബാലാമണിയമ്മ, മാധവിക്കുട്ടി, വി.ടി. ഭട്ടതിരിപ്പാട്, ഉറൂബ്, അക്കിത്തം, സി. രാധാകൃഷ്ണൻ തുടങ്ങി മലയാളത്തിന്റെ സാഹിത്യസപര്യയിലേക്ക് സംഭാവനകൾ ഏറെ നൽകിയവരുടെ നിരകൾ ഇനിയും നീളും. വള്ളുവനാടിന്റെ എഴുത്തുപുരയിൽനിന്ന് മലയാളത്തിന്റെ പുസ്തകപ്പുരയിലേക്കും കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയിലേക്കും എത്തിച്ചേർന്നത് സമാനതകളില്ലാത്ത ലോകോത്തര നിലവാരമുള്ള സാഹിത്യസൃഷ്ടികളായിരുന്നു. മലയാളം ഇന്ന് ശ്രേഷ്ഠഭാഷാ പദവിയിൽ ആദരിക്കപ്പെടുമ്പോൾ ഭാഷാപിതാവിന്റെ സ്മരണയിൽ രൂപപ്പെട്ട തുഞ്ചൻപറമ്പ് മലയാളിയുടെ മനസ്സിൽ നിറഞ്ഞുനിൽക്കുകയാണ്. തുഞ്ചൻപറമ്പിലെ കയ്ക്കാത്ത കാഞ്ഞിരമരത്തിന്റെ തണലിൽനിന്നും മലയാള ഭാഷയുടെ സുഗന്ധം ഇന്ന് മലനിരകളും കടലുകളും കടന്ന് വ്യാപിച്ചു. 30 അക്ഷരമുള്ള വട്ടെഴുത്തിനെ 51 അക്ഷരങ്ങളുള്ള മലയാളം ലിപിയിലൂടെ പ്രയോഗവത്‌കരിച്ചത് രാമാനുജൻ എഴുത്തച്ഛനായിരുന്നു എന്നാണ് വലയിരുത്തൽ. മലപ്പുറം ജില്ലയിലുള്ള തിരൂരിലെ തുഞ്ചൻ സ്മാരക മന്ദിരം ഇന്ന് മലയാള സർവകലാശാലയാണ്.

കാർഷിക ഗ്രാമങ്ങളിൽ രൂപപ്പെട്ട ഓരോ കലാരൂപങ്ങൾക്കും വിയർപ്പിന്റെ ഗന്ധമുണ്ട്. തെയ്യം, തിറ, കാളവേല, കോൽക്കളി, ഒപ്പന, ദഫ്മുട്ട്, പുള്ളുവൻ പാട്ട്, പാണൻപാട്ട് തുടങ്ങിയ കലാരൂപങ്ങൾ ഇന്നും ഗ്രാമീണസായന്തനങ്ങളെ സജീവമാക്കുന്നു. പൂരങ്ങളും നേർച്ചകളും മലപ്പുറത്തിന്റെ ഗ്രാമോത്സവങ്ങളായിമാറുന്നത് അതുകൊണ്ടാവാം.

സംഗീതത്തിന്റെ ആർദ്രമായ സാമീപ്യവും ഈ നാടിന്റെ പ്രത്യേകതയാണ്. 1852-ൽ കൊണ്ടോട്ടിക്കടുത്തുള്ള ഓട്ടുപാറ എന്ന സ്ഥലത്ത് ജനിച്ച മോയിൻകുട്ടി വൈദ്യർ മാപ്പിളപ്പാട്ട് എന്ന സാഹിത്യസംഗീത സൃഷ്ടിക്ക് രൂപംനൽകി. പുരാതന കാലംമുതൽ അറബികളുമായി വ്യാപരബന്ധമുണ്ടായിരുന്ന കേരളത്തിൽ അവരുടെ ഭാഷയും സംസ്‌കാരവും സ്വാധീനമുണ്ടാക്കി. അങ്ങനെയാണ് അറബി മലയാളം, മാപ്പിള സാഹിത്യം എന്നീ ശാഖകളുടെയും പിന്നീട് മാപ്പിളപ്പാട്ട് എന്ന സംഗീത വിഭാഗത്തിന്റെയും ഉദ്‌ഭവം. വി.എം. കുട്ടി, പുലിക്കോട്ടിൽ ഹൈദർ, റംലാബീഗം, വി.ടി. മുരളി തുടങ്ങയ ഒട്ടേറെ പ്രതിഭകളുടെ ഇടപെടലുകൾ മാപ്പിളപ്പാട്ടിന്റെ ഖ്യാതി മലപ്പുറത്തിന്റെ ഗ്രാമവീഥികളിൽനിന്നും പുറംലോകത്തേക്കും വ്യാപിപ്പിച്ചു.

പന്തുകളിയിലെ ആരാധന

മലപ്പുറത്തുകാരുടെ പന്തുകളിയോടുള്ള ആരാധന പ്രസിദ്ധമാണ്. കൊടുക്കലിന്റെയും വാങ്ങലിന്റെയും സത്യസന്ധമായ ആവിഷ്‌കാരമാണല്ലോ പന്തുകളി. സ്വന്തമായി ഗോളടിക്കുന്നതിനേക്കാൾ ഗോളടിപ്പിക്കാനുള്ള പരിശ്രമം. എന്തു നേടുമ്പോഴും അത് തനിക്ക് മാത്രമുള്ളതല്ലെന്നും അവ പങ്കുവെക്കുവാനുള്ളതാണെന്നുമുള്ള പൊതുബോധം. ഈ സ്ഥായിയായ ഭാവം പന്തുകളിയിലും മലപ്പുറത്തുകാരിലും ഉണ്ട് എന്നതാവാം ഒരുപക്ഷേ, ഈ കായികവിനോദം ഇവിടെ ഇത്രയും ജനപ്രിയമായത്.

സൈബർലോകം കീഴടക്കിയ ചരിത്രം

1988-ൽനടന്ന സമ്പൂർണ സാക്ഷരതാ യജ്ഞത്തിലൂടെ ജില്ല സമ്പൂർണ സാക്ഷരത കൈവരിച്ചു. ആ പദ്ധതിയിലൂടെ ഏറ്റവും തിളക്കമാർന്ന പ്രവർത്തനം കാഴ്ചവെച്ചതിനാൽ മലപ്പുറം ജില്ലയുടെ ഒരു പഠിതാവായിരുന്ന ചേലക്കാടൻ ആയിഷ ആയിരുന്നു അന്ന് കേരളം സമ്പൂർണ സാക്ഷരത കൈവരിച്ചതായി ലോകത്തോട് പ്രഖ്യാപിച്ചത്. 2003-ൽ കേരള സർക്കാരിന്റെ അക്ഷയപദ്ധതിയിലൂടെ ഇന്ത്യയിലെ ആദ്യത്തെ കംപ്യൂട്ടർ സാക്ഷരതനേടിയ ജില്ലയെന്ന നേട്ടം കൈവരിച്ചുകൊണ്ട് വള്ളുവനാടൻ ഗ്രാമീണർ സൈബർലോകവും കീഴടക്കി. പുതിയ തലമുറയാകട്ടെ വിദ്യാഭ്യാസത്തിൽ ഉന്നതമായ നേട്ടങ്ങൾ കൈവരിച്ചു. ഉയർന്നനിലവാരമുള്ള ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിലവിൽവന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, തിരൂരിലെ മലയാളം സർവകലാശാല, കോട്ടയ്ക്കൽ ആയുർവേദ സർവകലാശാല, പെരിന്തൽമണ്ണയിലെ അലിഗഢ്‌ ഓഫ് കാമ്പസ് തുടങ്ങിയവയെല്ലാം ജില്ലയിലെ സുപ്രധാന വിദ്യാഭ്യാസ ആസ്ഥാനങ്ങളാണ്.

ഉദിച്ചുനിൽക്കുന്ന പ്രതീക്ഷകൾ

കൃഷിയായിരുന്നു ഇവിടത്തുകാരുടെ പ്രധാന തൊഴിലെങ്കിലും ഇന്ന് 90 ശതമാനം ജനങ്ങളും ഗൾഫിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഉപഭോഗസംസ്‌കാരത്തിന്റെ കടന്നുകയറ്റവും ആധുനികവത്‌കരണത്തിന്റെ തലോടലുകളും മനസ്സുകളെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും ഉൾനാടൻ ഗ്രാമീണ ചൈതന്യങ്ങളിൽ ഭീകരമായി ഇടപെടാൻ ഇപ്പോഴും സാധിച്ചിട്ടില്ല എന്നത് അല്പം ആശ്വാസം പകരുന്നു. ഇടതൂർന്ന നാട്ടുപാതകൾ, ചായക്കടകൾ, പാടവരമ്പുകൾ, പാമ്പിൻ കാവുകൾ എല്ലാം ഇവിടങ്ങളിൽ അവശേഷിക്കുന്ന ഗ്രാമീണ ചിഹ്നങ്ങൾതന്നെയാണ്. പക്ഷേ, മറ്റെന്തൊക്കെയോ താത്പര്യങ്ങൾക്കുവേണ്ടി കൃഷിഭൂമികളും കുന്നുകളും തണ്ണീർത്തടങ്ങളും എല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത് മറ്റെല്ലാ ജില്ലകളെയും പോലെതന്നെ ഇവിടെയും കാണാൻ കഴിയും. കരയെ കുതിർത്ത്, പച്ചപുതപ്പിച്ച് പശ്ചിമഘട്ടത്തിൽനിന്ന് അറബിക്കടലിലേക്ക് നിറഞ്ഞൊഴുകിയപ്പോൾ ഭാരതപ്പുഴയും ചാലിയാറും കിതപ്പറിഞ്ഞിരുന്നില്ല. പക്ഷേ, ഇന്ന് പുഴയുടെ മാറിൽ മനുഷ്യൻതീർത്ത ഉണങ്ങാത്ത മുറിവുകളിലൂടെ ഒഴുകിയൊലിക്കുന്നത് ചോരയാണ്, തെളിനീരല്ല. മണ്ണിനെ സ്നേഹിച്ച പാരമ്പര്യമാണ് വള്ളുവനാടിന്റേത്. മണ്ണും വിണ്ണും വിട്ട് പറന്നകലാൻ ശ്രമിക്കുമ്പോൾ മണ്ണിലേക്കുതന്നെ മടങ്ങേണ്ട സത്യത്തെ മറക്കാതിരിക്കാൻ കഴിയേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.