ബെയ്ജിങ്: യു.കെ., യു.എസ്., ഓസ്‌ട്രേലിയ പ്രതിരോധകരാറിന്റെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ഏഷ്യ പെസഫിക് വ്യാപാരക്കരാറിൽ ഒപ്പുവെക്കുമെന്ന് ചൈന വ്യക്തമാക്കി. കരാറിന്റെ ഭാഗമാകുന്നതിനുള്ള അപേക്ഷ ന്യൂസീലൻഡ് വ്യാപാരമന്ത്രി ഡാമിയൻ ഒ കോന്നറിന് നൽകിയതായി ചൈനീസ് വാണിജ്യമന്ത്രി വാങ് വെന്റാവോ വെള്ളിയാഴ്ച പറഞ്ഞു. ഇരുനേതാക്കളും തമ്മിൽ ഇതുസംബന്ധിച്ച് ഫോണിൽ ചർച്ച നടത്തിയതായും ബെയ്ജിങ് അറിയിച്ചു.

ചൈനീസ് ആധിപത്യം തടയുക ലക്ഷ്യമിട്ട് ബരാക്ക് ഒബാമയുടെ ഭരണകാലത്ത് അമേരിക്കയാണ് കോംപ്രഹെൻസിവ് ആൻഡ് പ്രോഗ്രസീവ് എഗ്രിമെന്റ് ഫോർ ട്രാൻസ്-പെസഫിക് പാർട്ട്‌ണർഷിപ് (സി.പി.ടി.പി.പി.) എന്ന സ്വതന്ത്ര വ്യാപാരക്കരാറിന് രൂപം നൽകിയത്. എന്നാൽ 2017-ൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരിക്കെ അമേരിക്ക കരാറിൽനിന്ന് പിന്മാറി. ഇതോടെ ജപ്പാന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളുടെ ഫലമായി 2018-ൽ 11 രാജ്യങ്ങൾ കരാറിൽ ഒപ്പുവെച്ചു. ആർ.സി.ഇ.പി. (റീജണൽ കോംപ്രഹെൻസിവ് ഇക്കണോമിക് പാർട്ട്ണർഷിപ്പ്) വ്യാപാരകരാറുമായി മുന്നോട്ടു പോകുന്ന ചൈനയ്ക്ക് സി.പി.ടി.പി.പിയിൽ ചേരുന്നത് ഏറെ ഗുണംചെയ്യുമെന്നാണ് വിലയിരുത്തൽ.