ബെയ്ജിങ്: ഏഷ്യ-പസഫിക് മേഖലയിൽ ചൈന ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ യു.കെ.യും അമേരിക്കയും ഓസ്‌ട്രേലിയയും ചേർന്ന് ഒപ്പുവെച്ച പുതിയ പ്രതിരോധ, സുരക്ഷാ കരാറിനുനേരെ വിമർശനവുമായി ചൈനയും ഫ്രാൻസും. ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികൾ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഓസ്‌ട്രേലിയക്ക് കൈമാറുന്നതാണ് കരാർ. യു.എസാണ് വിദ്യ കൈമാറുക. ചൈനയെക്കുറിച്ച് പ്രത്യക്ഷത്തിൽ പറയുന്നില്ലെങ്കിലും തെക്കൻ ചൈനക്കടലിലെ ചൈനീസ് ആധിപത്യം അവസാനിപ്പിക്കുക ലക്ഷ്യമിട്ടാണ് ലോകശക്തികൾ പ്രതിരോധമേഖലയിലൂടെ ഒന്നിക്കുന്നത്. മൂന്നുരാജ്യങ്ങളുംചേർന്ന് ‘ഓകസ്’ എന്ന കൂട്ടായ്മയിലൂടെ പുതിയ കരാറിലൊപ്പിട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും യു.കെ. പ്രധാനമന്ത്രി ബോറിസ് ജോൺസണും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ചേർന്ന് ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്.

ഓസ്‌ട്രേലിയ പിന്നിൽനിന്ന് കുത്തിയെന്ന് ഓസ്ട്രേലിയയുമായുള്ള അന്തർവാഹിനിക്കരാർ നഷ്ടമായ ഫ്രാൻസ് പ്രതികരിച്ചു. അതേസമയം, മൂന്നുരാജ്യങ്ങൾക്കും ശീതയുദ്ധമനഃസ്ഥിതിയാണെന്ന് കരാറിനെ വിമർശിച്ചുകൊണ്ട് ചൈന ആരോപിച്ചു. എന്നാൽ, ചൈനയ്ക്ക് ദോഷംചെയ്യുന്നതല്ല കരാറെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. ബ്രിട്ടനും ചൈനയുമായി അനാവശ്യ ശത്രുതയിലേക്കും യുദ്ധത്തിലേക്കും നയിക്കുമോ എന്ന മുൻ പ്രധാനമന്ത്രി തെരേസ മേയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജോൺസൺ.