ദുഷാൻബെ: അഫ്ഗാനിസ്താനിൽ ഭീകരപ്രവർത്തനം, മയക്കുമരുന്നുകടത്ത് എന്നിവയ്ക്കെതിരേ താലിബാൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ചൈനയുടെയും റഷ്യയുടെയും സുരക്ഷാസംഘം മുന്നിട്ടിറങ്ങണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ. താജിക്കിസ്താനിൽനടന്ന 20-ാമത് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ.) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഫ്ഗാൻഭരണാധികാരികൾ ഉണർന്നുപ്രവർത്തിക്കുന്നതിനും രാജ്യത്തെ ജനജീവിതം സാധാരണനിലയിലാക്കുന്നതിനും ഇത് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

മുൻ സോവിയറ്റ്, മധ്യേഷ്യൻ രാജ്യങ്ങളായ കസാഖ്‌സ്താൻ, കിർഗിസ്താൻ, താജിക്കിസ്താൻ, ഉസ്ബെക്കിസ്താൻ എന്നിവയും ഇന്ത്യയും പാകിസ്താനുമാണ് മറ്റ് എസ്.സി.ഒ. അംഗത്വരാജ്യങ്ങൾ. അഫ്ഗാനിസ്താന് നിരീക്ഷണപദവിയാണുള്ളത്. എന്നാൽ, താലിബാൻ അധികാരം പിടിച്ചെടുത്തതോടെ ഈവർഷത്തെ ഉച്ചകോടിക്ക് അഫ്ഗാനിസ്താനെ ക്ഷണിച്ചിട്ടില്ല.

എസ്.സി.ഒ. അംഗത്വത്തിലേക്ക് ഇറാനും; സ്വാഗതംചെയ്ത് ഇന്ത്യ

: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ അംഗത്വത്തിലേക്ക് ഇറാന്റെ വരവിനെ സ്വാഗതംചെയ്ത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ. ഇറാനെ എസ്‌.സി.ഒ. അംഗമായി അംഗീകരിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞു. മധ്യേഷ്യയിലെ വംശീയവിഘടനവാദവും മതതീവ്രവാദവും ഭീകരവാദവും ചെറുക്കാനാണ് എസ്.സി.ഒ. ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ റഷ്യയും ചൈനയുമുൾപ്പെടെയുള്ള രാജ്യങ്ങൾ ഓൺലൈനായാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ഇറാൻറെ അംഗത്വത്തെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും സ്വാഗതംചെയ്തു. എസ്.സി.ഒ. അംഗത്വം നൽകുന്നതിൽ ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റൈസി അംഗരാജ്യങ്ങൾക്ക് നന്ദിപറഞ്ഞു.

താലിബാൻ അധികാരമേറ്റെടുത്തതോടെ അഫ്ഗാനിൽ പുതുയാഥാർഥ്യം സ്ഥാപിതമായി -ഇമ്രാൻഖാൻ

: അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം ഏറ്റെടുത്തതോടെ ‘ഒരു പുതിയ യാഥാർഥ്യം’ സ്ഥാപിതമായെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. എസ്‌.സി.ഒ. ഉച്ചകോടിയെ അഭിസംബോധന ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനിൽ വീണ്ടും സംഘർഷമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ താത്പര്യമാണെന്നു പറഞ്ഞ ഇമ്രാൻ, രക്തച്ചൊരിച്ചിലും ആഭ്യന്തരയുദ്ധവും അഭയാർഥികളുടെ കൂട്ടപ്പലായനവുമില്ലാതെ താലിബാൻ അധികാരം പിടിച്ചത് ആശ്വാസം നൽകുന്നതാണെന്നും പറഞ്ഞു. അഫ്ഗാൻ പുനരുജ്ജീവനത്തിനായി അന്താരാഷ്ട്രസമൂഹം സാമ്പത്തികസഹായം ചെയ്യണമെന്നും ഖാൻ ആവശ്യപ്പെട്ടു.