ടെഹ്‌റാൻ: ലോകരാജ്യങ്ങളുമായി കഴിഞ്ഞ ജൂണിൽ നിർത്തിവെച്ച ആണവ ചർച്ചകൾ വ്യാഴാഴ്ച പുനരാരംഭിക്കുമെന്ന് ഇറാൻ വിദേശമന്ത്രി ഹൊസ്സൈൻ അമീർ അബ്‌ദൊള്ളാഹിയാൻ. ബ്രിട്ടൻ, ചൈന, ഫ്രാൻസ്, റഷ്യ, ജർമനി എന്നീ രാജ്യങ്ങളുമായുള്ള ചർച്ചകൾ ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏപ്രിലിലാണ് യു.എസിനെ കരാറിലേക്ക് തിരികെ എത്തിക്കാനുള്ള ചർച്ചകൾ ആരംഭിച്ചത്. നേരിട്ടല്ലാതെ ചർച്ചകളിൽ യു.എസും ഭാഗമായിരുന്നു. 2015-ലാണ് യു.എസ്., ബ്രിട്ടൻ, ചൈന, ഫ്രാൻസ്, റഷ്യ, ജർമനി എന്നീ രാജ്യങ്ങൾ ഇറാനുമായി ആണവ കരാറിൽ ഒപ്പിട്ടത്. 2018-ൽ ട്രംപ് പ്രസിഡന്റായിരിക്കെ യു.എസ്. കരാറിൽനിന്ന് പിന്മാറി. പ്രതിബദ്ധതകൾ പാലിക്കാൻ ഇറാൻ തയ്യാറായാൽ കരാറിൽ തിരിച്ചെത്തുമെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു.