പോർട്ട് ഓ പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ 17 അമേരിക്കൻ ക്രിസ്ത്യൻ മിഷണറിമാരെയും കുടുംബത്തെയും കുറ്റവാളിസംഘം തട്ടിക്കൊണ്ടുപോയി. തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിൽ ശനിയാഴ്ചയാണ് സംഭവം. ബന്ദികളാക്കപ്പെട്ടവരിൽ കുട്ടികളുമുണ്ട്. മിഷണറിമാർ ക്രൊയിക്സ് ഹെസ് ബൗക്വിറ്റ് പട്ടണത്തിലെ ഒരു അനാഥാലയം സന്ദർശിച്ച് മടങ്ങുകയായിരുന്നു. ബസിൽ സഞ്ചരിച്ച സംഘം, ഏതാനും അംഗങ്ങളെ വിമാനത്താവളത്തിൽ വിടാനായി പോകുന്നതിനിടെയായിരുന്നു സംഭവം. എന്താണ് നടന്നതെന്ന് പരിശോധിച്ചുവരുകയാണെന്ന് യു.എസ്. വിദേശമന്ത്രാലയം വക്താവ് ജെന്നിഫർ വിയാവു പറഞ്ഞു.

ലോകത്ത് ഏറ്റവുമധികം തട്ടിക്കൊണ്ടുപോകൽ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ആഭ്യന്തരപ്രതിസന്ധി നേരിടുന്ന ഹെയ്തി. പണം തട്ടിയെടുക്കുകയാണ് കുറ്റവാളികളുടെ പ്രധാനലക്ഷ്യം. ദാരിദ്ര്യം രൂക്ഷമായ ഏതാനും ജില്ലകൾ കൊല്ലങ്ങളായി സായുധസംഘങ്ങളുടെ നിയന്ത്രണത്തിലാണ്. 2021-ലെ ആദ്യ മൂന്നുമാസത്തിൽ അറുനൂറിലേറെ തട്ടിക്കൊണ്ടുപോകൽ കേസുകൾ റിപ്പോർട്ടുചെയ്തു. കഴിഞ്ഞകൊല്ലം ഇത് 231 ആയിരുന്നു. ജൂലായിൽ പ്രൊഫഷണൽ കൊലയാളിസംഘം ഹെയ്തി പ്രസിഡന്റ് ജൊവെനെൽ മോസയെ കൊലപ്പെടുത്തിയിരുന്നു.