ദുബായ്: യു.എ.ഇ. കോവിഡ് പ്രത്യാഘാതങ്ങൾ മറികടന്നതായി അധികൃതർ. പ്രതിദിന കോവിഡ് കേസുകൾ 100-നും താഴെയെത്തിയതായി ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. കോവിഡ് മുക്തിയോടെ രാജ്യം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചതായി ദുരന്ത നിവാരണ ഉന്നതാധികാര സമിതി ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ദുബായ് എക്സ്‌പോ 2020-ൽ നടന്ന, കോവിഡ് പ്രതിരോധ നടപടികൾ വിലയിരുത്തുന്ന സുപ്രീം കമ്മിറ്റിയുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണവും നടപടികളുമാണ് കോവിഡിനെ ഫലപ്രദമായി ചെറുക്കാൻ ദുബായിയെ പ്രാപ്തമാക്കിയത്-അദ്ദേഹം പറഞ്ഞു.

ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ നടപടികൾ ഫെഡറൽ, പ്രാദേശിക തലങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർ പഴുതുകളില്ലാതെ നടപ്പിലാക്കി. രോഗവ്യാപനം തടയാനും ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനും ശക്തമായ നടപടികളിലൂടെ സാധിച്ചു. കോവിഡ് പ്രതിരോധത്തിൽ രാജ്യം ലോകത്തിന് തന്നെ മാതൃകയായി. നിലവിലെ സ്ഥിതിയിൽ അതിവേഗം മുന്നേറാനും രാഷ്ട്രനേതാക്കൾ ആവിഷ്കരിച്ച വളർച്ചയുടെ പുതിയ ലക്ഷ്യങ്ങളിലേക്ക് കുതിക്കാനുമുള്ള തയ്യാറെടുപ്പിലാണ് രാജ്യം. കോവിഡനന്തര കാലത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് ലോകമഹാമേളയായ എക്സ്‌പോ 2020-ലൂടെ ദുബായ് ലോകത്തിന് കാണിച്ചുകൊടുത്തു. ഇക്കാര്യത്തിൽ ലോകത്തിന് ദുബായിയെ മാതൃകയാക്കാവുന്നതാണെന്നും ശൈഖ് മൻസൂർ ബിൻ മുഹമ്മദ് പറഞ്ഞു.

യു.എ.ഇ. യിൽ ഞായറാഴ്ച 99 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 153 പേർ രോഗമുക്തി നേടി. രണ്ട് പേർകൂടി മരിച്ചതോടെ ആകെ മരണം 2120 ആയതായി ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ രോഗികൾ 7,38,586 ആണ്. ഇവരിൽ 7,32,296 പേരും രോഗമുക്തി നേടി. നിലവിൽ 4170 പേർ മാത്രമാണ് ചികിത്സയിലുള്ളത്. കോവിഡ് വാക്സിനേഷൻ രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അഞ്ച് വർഷം ഇടവിട്ട് നടത്തിവരാറുള്ള ഫ്ളൂ വാക്സിൻ കാമ്പയിന് അബുദാബിയിൽ തുടക്കമായിട്ടുണ്ട്.