ഗാസാ: അന്താരാഷ്ട്രതലത്തിൽ വെടിനിർത്തലിന് ആഹ്വാനമുയരുന്നുണ്ടെങ്കിലും ഇസ്രയേൽ-പലസ്തീൻ ഏറ്റുമുട്ടൽ യുദ്ധസമാനമായ അവസ്ഥയിലേക്കെത്തുകയാണ്. പലസ്തീനികളും ഇസ്രയേൽ പോലീസും തമ്മിൽ അൽ അക്സ പള്ളിയിലുണ്ടായ സംഘർഷത്തിനുപിന്നാലെ തിങ്കളാഴ്ചയാണ് ഗാസ നഗരം എരിഞ്ഞുതുടങ്ങിയത്. പലസ്തീനികളെ വീടുകളിലെത്തി ഇസ്രയേൽ കുടിയേറ്റക്കാർ ഇറക്കിവിടാൻ ശ്രമിച്ചതോടെ ഇസ്രയേലിലെ സായുധവിഭാഗമായ ഹമാസ് ഇസ്രയേലിനുനേരെ റോക്കറ്റ് തൊടുത്തു. ഇതോടെ തിരിച്ചാക്രമിച്ച ഇസ്രയേൽ പലസ്തീനുമേൽ വ്യോമാക്രമണം അനുദിനം ശക്തമാക്കുകയാണ്. സ്ഥിതിഗതികൾ ഇങ്ങനെ മുന്നോട്ടുപോയാൽ കൈവിട്ടുപോവുമെന്ന് ഗാസാ മേയർ യഹിയ സരാജ് അൽജസീറയോടു പറഞ്ഞു. ഹമാസാണ് ആദ്യം റോക്കറ്റ് തൊടുത്തതെന്നും പ്രതിരോധിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നുമാണ് ഇസ്രയേൽ പറയുന്നത്. സമാധാനം പുനഃസ്ഥാപിക്കാൻ ഇടനിലയ്ക്കു ശ്രമിക്കുന്ന ഈജിപ്തിന്റെയും അറബ് രാജ്യങ്ങളുടെയും ആഹ്വാനം മുഖവിലയ്ക്കെടുക്കാതെ ആക്രമണം കൂടുതൽ കടുപ്പിക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. യു.എസ്., റഷ്യ, ഈജിപ്ത്‌, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ വെടിനിർത്തലിനായി സമീപിച്ചിട്ടുണ്ടെന്നും എന്നാൽ, പലസ്തീനികൾ ത്യജിക്കേണ്ടിവരുന്ന ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നും ഹമാസ് നേതാവ് ഇസ്മായിൽ ഹനിയെ പറഞ്ഞു. വെടിനിർത്താൻ ഇസ്രയേലിനുനേൽ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ സമ്മർദം ചെലുത്താൻ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.