ഇസ്‌ലാമാബാദ്: പാകിസ്താൻ പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇളയ സഹോദരനുമായ ഷെഹ്ബാസ് ഷെരീഫിന് രാജ്യത്തിന് പുറത്തുപോകുന്നതിന് ഇമ്രാൻഖാൻ സർക്കാർ വിലക്കേർപ്പെടുത്തി‍. അഴിമതിയാരോപണത്തിൽ അദ്ദേഹത്തിനെതിരേ അന്വേഷണം നടക്കുകയാണ്. നേരത്തേ അറസ്റ്റിലായ പാകിസ്താൻ മുസ്‌ലിം ലീഗ്-നവാസ് (പി.എം.എൽ.-എൻ) അധ്യക്ഷൻകൂടിയായ ഷെഹ്ബാസ് കഴിഞ്ഞമാസമാണ് ജാമ്യത്തിലിറങ്ങിയത്. അർബുദചികിത്സയ്ക്കായി ഒരുതവണ വിദേശത്തുപോകാൻ ലഹോർ ഹൈക്കോടതി അനുമതി നൽകുകയും ചെയ്തു. തുടർന്ന് ലണ്ടനിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയപ്പോൾ അധികൃതർ തടഞ്ഞു. വിദേശയാത്രയ്ക്കു വേണ്ട ആരോഗ്യസംബന്ധിയായ രേഖകളൊന്നും സമർപ്പിച്ചിട്ടില്ലെന്നുകാട്ടി ബുധനാഴ്ച ഷെഹ്ബാസിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. 2019 മുതൽ ലണ്ടനിൽ ചികിത്സയിൽ കഴിയുന്ന നവാസ് ഷെരീഫ് ഇനിയും തിരിച്ചെത്തിയിട്ടില്ലെന്നും ഷെഹ്ബാസ് പോയാൽ തിരിച്ചുവരുമെന്ന് ഉറപ്പില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.