കുവൈത്ത് സിറ്റി: ഒന്നരവർഷത്തോളം വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് കുവൈത്ത് നീക്കുന്നു. ഓഗസ്റ്റ് ഒന്നുമുതൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കാൻ കുവൈത്ത് മന്ത്രിസഭായോഗം തീരുമാനിച്ചു. കുവൈത്ത് അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശനാനുമതി.

ഫൈസർ, ആസ്ട്രസെനക്ക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. ഈ വാക്സിൻ സ്വീകരിച്ച താമസ വിസക്കാർക്ക് മാത്രമാണ് പ്രവേശനാനുമതി. ഇന്ത്യയിൽ വിതരണം ചെയ്യുന്ന അസ്ട്രസെനക്ക വാക്സിൻ കുവൈത്ത് അംഗീകരിച്ചതിനാൽ ഒട്ടനവധി പ്രവാസികൾക്ക് മടക്കം എളുപ്പമാകും. എന്നാൽ കോവാക്സിൻ കുവൈത്ത് അംഗീകരിച്ചിട്ടില്ല. കോവാക്സിൻ അംഗീകരിക്കുന്നതിന് കേന്ദ്ര സർക്കാർ കുവൈത്ത് ഭരണകൂടത്തെ സമീപിക്കണമെന്ന് പ്രവാസി സംഘടനകൾ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞവർഷം അവസാനം പ്രവാസികൾക്ക് യു.എ.ഇ. വഴി മടങ്ങാൻ കുവൈത്ത് അനുമതി നൽകിയിരുന്നു. എന്നാൽ ബ്രിട്ടനിൽ കോവിഡ് വകഭേദം കണ്ടെത്തിയതോടെ യു.എ.ഇ. വഴിയുള്ള പ്രവേശനവും തടഞ്ഞു.

ചുരുങ്ങിയ ദിവസത്തെ അവധിക്ക് കേരളത്തിലെത്തി പിന്നീട് കുവൈത്തിലേക്ക് മടങ്ങാൻ കഴിയാതെപോയ ആയിരക്കണക്കിന് പ്രവാസികൾക്ക് പുതിയ തീരുമാനം ആശ്വാസമാകും.