ബെയ്ജിങ്: മൂന്ന് യാത്രികർ അടങ്ങുന്ന സംഘത്തെ വിജയകരമായി സ്വന്തം ബഹിരാകാശനിലയമായ ടിയാങോങ്ങിലേത്തിച്ച് ചൈന. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.54-ന് ഷെൻഷൂ-12 പേടകം മൂവരെയും നിലയത്തിലെത്തിച്ചതായി ചൈനീസ് ബഹിരാകാശ ഏജൻസി അറിയിച്ചു.

നീ ഹെയ്ഷെങ് (56), ലിയു ബോമിങ് (54), താങ് ഹോങ്ബോ (45) എന്നിവരാണ് സംഘത്തിലുള്ളത്. വ്യാഴാഴ്ച രാവിലെ 9.22-നാണ് ചൈനയിലെ ഗോപി മരുഭൂമിയിലെ ജിയുഖ്വാൻ വിക്ഷേപണ കേന്ദ്രത്തിൽനിന്ന്‌ പേടകത്തെ വഹിച്ചുകൊണ്ടുള്ള ലോങ്മാർച്ച് 2എഫ് റോക്കറ്റ് വിക്ഷേപിച്ചത്. യാത്ര 6.5 മണിക്കൂറോളം നീണ്ടുനിന്നു.

നിലയത്തിൻറെ പ്രധാന മൊഡ്യൂളായ ടിയാൻഹി മാത്രമാണ് ഭ്രമണപഥത്തിലെത്തിച്ചിട്ടുള്ളത്. ഇവിടേക്കാണ് സംഘത്തെ എത്തിച്ചത്. മൂന്നു മാസം നിലയത്തിൽ തങ്ങുന്ന സംഘം നിലയത്തിന്റെ പണി പൂർത്തിയാക്കുന്നതിനുള്ള പ്രവൃത്തികളിൽ പങ്കാളികളാകും. വിവിധ പരീക്ഷണങ്ങളിലും ബഹിരാകാശനടത്തത്തിലും സംഘം ഏർപ്പെടും.

അടുത്ത വർഷത്തോടെ നിലയത്തിന്റെ പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഏപ്രിൽ അവസാനമാണ് ആദ്യ മോഡ്യൂൾ ചൈന ഭ്രമണപഥത്തിലെത്തിച്ചത്. 11-ഓളം വിക്ഷേപണങ്ങളിലൂടെ മൊഡ്യൂളുകൾ ഭ്രമണപഥത്തിലെത്തിച്ച് സംയോജിപ്പിക്കും. പത്തു വർഷത്തിലേറെ നിലയത്തിന് കാലാവധിയുണ്ടാകും.