വാഷിങ്ടൺ: എല്ലാ അമേരിക്കക്കാർക്കും മിതമായ നിരക്കിൽ ആരോഗ്യ ഇൻഷുറൻസ് നൽകാനുള്ള ഒബാമകെയർ നിയമം നിലനിർത്തണമെന്ന് സുപ്രീംകോടതി. നിയമം അസാധുവാക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന ടെക്സസ് ഉൾപ്പെടെയുള്ള 18 സംസ്ഥാനങ്ങൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് വിധി. ഒമ്പതുജഡ്ജിമാരിൽ ഏഴുപേർ അനുകൂലിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിധി. എന്നാൽ, നിയമം ഭരണഘടനാവിരുദ്ധമാണെന്ന ആരോപണത്തെക്കുറിച്ച് വിധിയിൽ പരാമർശമില്ല.

2010-ൽ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ കൊണ്ടുവന്ന നിയമം മൂന്നാം തവണയാണ് നിയമപരമായ വെല്ലുവിളി അതിജീവിക്കുന്നത്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമം പരിഷ്കരിക്കാൻ ശ്രമിച്ചെങ്കിലും കോടതിയിൽനിന്ന്‌ അനുകൂലമായ നടപടിയുണ്ടായിരുന്നില്ല. കുറഞ്ഞ വരുമാനമുള്ള രാജ്യത്തെ രണ്ടുകോടിയിലേറെപേർക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതാണ് ഒബാമകെയർ. നിയമം നിലനിർത്താനുള്ള പ്രസിഡന്റ് ജോ ബൈഡൻറെ നിലപാടിനെ സഹായിക്കുന്നതാണ് ഉത്തരവ്.