: ആകാംക്ഷയ്ക്ക് വിരാമമെന്നവണ്ണം ചില എക്സ്‌പോ പവിലിയനുകൾ ഈ വർഷം ജനുവരിയിൽ തന്നെ മിഴിതുറന്നിരുന്നു. വിനോദവും വിജ്ഞാനവും വിസ്മയവും സമന്വയിപ്പിക്കുന്ന സസ്റ്റെയ്‌നബിലിറ്റി പവിലിയനായ ടെറയിലേക്ക് അഞ്ച് മാസത്തിനകം ഒരു ലക്ഷത്തിലേറെ സന്ദർശകരാണ് ഒഴുകിയെത്തിയത്. ഇവിടെക്ക് പ്രത്യേക ടൂറും അധികൃതർ സംഘടിപ്പിച്ചു. എക്സ്‌പോയുടെ ഔദ്യോഗിക ചിഹ്നം കാണാനുള്ള അവസരവും ഇവിടെയൊരുക്കിയിരുന്നു. എക്സ്‌പോയുടെ ഏറ്റവും മികച്ച ആകർഷണങ്ങളിൽ ഒന്നാണിത്. മാലിന്യ നിർമാർജനം, ജലസംരക്ഷണം, സസ്യങ്ങളുടെ സംരക്ഷണം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൽ തുടങ്ങി ബോധവത്കരണ രീതിയിലുള്ള സംവിധാനമാണ് ടെറ പവിലിയനിൽ ഒരുക്കിയിരിക്കുന്നത്. വനം, സമുദ്രം എന്നിവയിലൂടെ സഞ്ചരിക്കുന്ന അനുഭവമാണ് ടെറ നൽകുന്നത്. കണ്ണഞ്ചിപ്പിക്കുന്ന അദ്ഭുതങ്ങളും അതിശയങ്ങളും നിറച്ച ദുബായ് എക്സ്‌പോയുടെ മൂന്ന് ഉപ തീമുകളിലൊന്നാണ് സുസ്ഥിരത.

വഴികാട്ടിയാകാൻ എക്സ്‌പോ ആപ്പ്

സന്ദർശകർക്ക് എക്സ്‌പോ വേദികൾ എളുപ്പത്തിൽ ചുറ്റിയടിച്ചുകാണാൻ പ്രത്യേക സ്മാർട്ടപ്പ് തയ്യാറാക്കിയിട്ടുണ്ട്. അരദിവസം, ഒരു ദിവസം, മൂന്ന് ദിവസം എന്നിങ്ങനെ ആപ്പിൽ വ്യത്യസ്തമായ ഓഫറുകളുണ്ട്. വേദിയിൽ എവിടെ, ഏത് ഭാഗത്തെത്തണം എന്നതിന് ആപ്പ് കൃത്യമായ വഴികാട്ടിയാകും. ഇതിനുപുറമേ സന്ദർശന സഹായത്തിന് ഗൈഡുമുണ്ടാകും. കുടുംബങ്ങൾ, വിദ്യാർഥികൾ, ബിസിനസ് ആവശ്യങ്ങൾക്കെത്തിയവർ, വിനോദത്തിന് എത്തിയവർ, പുത്തൻ സാങ്കേതിക വിദ്യകളെക്കുറിച്ച് പഠിക്കുന്നവർ തുടങ്ങിയവർക്കെല്ലാം ഉതകുന്ന ഏത് മേഖലയെക്കുറിച്ചും അറിയാൻ ആപ്പ് സഹായിയാകും.

സുരക്ഷയൊരുക്കി പോലീസ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അതിഥികളും സന്ദർശകരും എത്തുന്ന ആഗോള മേളയായ ദുബായ് എക്സ്‌പോ 2020-ന് സുരക്ഷയൊരുക്കാൻ ദുബായ് പോലീസുണ്ട്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും സൈബർ കുറ്റകൃത്യവിഭാഗവുമടക്കമുള്ള വിവിധ വകുപ്പുകളുടെ മേധാവികൾ സജ്ജമാണ്. ഏത് വെല്ലുവിളി നേരിടാനും വേണ്ട തയ്യാറെടുപ്പുകൾ പൂർണം. എക്സ്‌പോ വേദിയിലേക്ക് ദുബായ് മെട്രോയും കുതിപ്പ് തുടങ്ങി. വേദിയിലേക്കുള്ള ആറ്് സ്റ്റേഷനുകളിൽ അഞ്ചെണ്ണമാണ് പ്രവർത്തനം തുടങ്ങിയത്.

എക്സ്‌പോ നഗരം ഭാവിയിൽ

എക്സ്‌പോ നഗരം ഭാവിയിൽ എന്താകും. ഇതാണ് ഏവരുടെയും ആവർത്തിച്ചുള്ള ചോദ്യം. 2022 മാർച്ച് 31-ന് ശേഷം അവിടെ ഡിസ്ട്രിക്റ്റ് 2020 എന്ന പേരിൽ പുതിയൊരു സിറ്റി രൂപപ്പെടുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. പ്രതീക്ഷകൾക്കും മുകളിൽ സഞ്ചരിക്കുന്ന, ലോക എക്സ്‌പോക്കും മുകളിലേക്ക് വളർന്നുപന്തലിക്കുന്ന ഒരു സ്മാർട്ട് സിറ്റിയാണ് പ്രതീക്ഷിക്കുന്നത്. നഗരം യാഥാർഥ്യമാവുക എക്സ്‌പോ കഴിഞ്ഞ് ആറു മാസത്തിനും ഒരു വർഷത്തിനുമിടയിലായിരിക്കും. ഡിസ്ട്രിക്റ്റ് 2020 ഫെയ്‌സ് വൺ എന്ന സ്വപ്നതുല്യമായ പുതിയ നഗരി രാജ്യത്തിന്റെ മുഖച്ഛായതന്നെ മാറ്റിയേക്കും. ഘട്ടംഘട്ടമായ നീക്കത്തിലൂടെയായിരിക്കും അത്തരമൊരു പരിവർത്തനം. എക്സ്‌പോയിൽ നിലവിൽ നിർമിക്കപ്പെട്ടതിന്റെ 80 ശതമാനം വരെ നിലനിർത്തിയാകും പുതിയ നഗരപ്പിറവി. ഇപ്പോൾ നഗരിയിലെ കെട്ടിടങ്ങളെല്ലാം സർക്കാരിന്റേതാണ്. എങ്കിലും എക്സ്‌പോക്ക് ശേഷം സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറ്റാൻ സൗകര്യമുണ്ടാകുമെന്നാണ് വിവരം. ഡിസ്ട്രിക്റ്റ് 2020 നിർമാണത്തിനൊരുങ്ങുമ്പോൾ എക്സ്‌പോയ്ക്കായി പ്രത്യേകം നിർമിച്ച ഭാഗങ്ങൾ മാത്രമായിരിക്കും പൊളിച്ച് നീക്കുന്നത്. ദുബായ് ലോകത്തിന് മുന്നിൽ അദ്ഭുതമൊരുക്കുന്ന പദ്ധതിയാകും ഡിസ്ട്രിക്ട് 2020-യുടെ നിർമാണം. ജർമൻ കമ്പനിയായ സീമെൻസുമായി സഹകരിച്ചാണ് ഭാവിയിലെ സ്മാർട്ട് സിറ്റിയൊരുക്കാൻ പദ്ധതി തയ്യാറാകുന്നത്. നമുക്ക് കാത്തിരിക്കാം ദുബായ് എക്സ്‌പോ 2020 കഴിഞ്ഞാലും വിസ്മയം തീർക്കുന്ന ആ നഗരി കാണാൻ.