: യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്‌പോ 2020 മെഗാ പ്രദർശനത്തിന് ആതിഥേയത്വം വഹിക്കാൻ 100 ശതമാനം യു.എ.ഇ. സജ്ജമാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. കോവിഡ് കാലത്തെയും അതിജീവിച്ചുള്ള കാത്തിരിപ്പിന് ഇനി അധികനാളില്ലാത്തത് പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്. ലോകത്തിന്റെ തന്നെ ഉയിർത്തെഴുന്നേൽപ്പിന് പ്രചോദനമാകുന്ന വിധത്തിലാണ് എക്സ്‌പോയുടെ ഓരോ ചുവടുവെപ്പുകളും. എക്സ്‌പോ തീർച്ചയായും ലോകത്തിന് മുന്നിൽ യു.എ.ഇ. എന്ന മഹാരാജ്യത്തിന്റെ വിജയത്തിന് പ്രകടമായ തെളിവാകും. യു.എ.ഇയുടെ നീണ്ടകാല ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രതിബിംബമായി എക്സ്‌പോ മാറും. അന്താരാഷ്ട്ര സഹകരണം വിപുലീകരിക്കുന്നതിനും പ്രധാന വിഷയങ്ങളിൽ ആഗോള അജൻഡയിലേക്ക് സംഭാവന ചെയ്യുന്നതിനും എക്സ്‌പോ 2020-യിൽ നേതൃപരമായ പങ്കുവഹിക്കാൻ ശൈഖ് മുഹമ്മദ് ഇതിനകം എല്ലാ ഫെഡറൽ മന്ത്രാലയങ്ങൾക്കും നിർദേശം നൽകിക്കഴിഞ്ഞു.

100 രാജ്യങ്ങളിലെ 2500 സ്ഥാപനങ്ങൾക്കാണ് എക്സ്‌പോ ടിക്കറ്റ് വിൽപ്പനയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. നേരത്തേ തീരുമാനിച്ചതിലും ഇരട്ടി. കോവിഡ് തളർത്താത്ത കരുത്തുറ്റ രാജ്യമാണ് യു.എ.ഇ. എന്നതിന് മറ്റൊരു തെളിവുകൂടിയാണിത്. ഓൺലൈൻ ട്രാവൽ ഏജന്റുമാർ, ടൂർ ഓപ്പറേറ്റർമാർ, ഹോട്ടൽ ഗ്രൂപ്പുകൾ, എയർലൈനുകൾ എന്നിവരാണ് ടിക്കറ്റ് വിൽപ്പനയ്ക്കായി എക്സ്‌പോയുമായി കരാർ ഒപ്പുവെച്ചിരിക്കുന്നത്. മികച്ച പാക്കേജുകളോടെ സന്ദർശകരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ദുബായിലെത്തിക്കുകയാണ് ലക്ഷ്യം. പ്രവേശന പാസ് വിതരണം ജൂലായ് മുതൽ തുടങ്ങും.

രാജ്യം കോവിഡ് മുക്തമാക്കും

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരെ പ്രതീക്ഷിക്കുന്നതിനാൽ രാജ്യത്തെ കോവിഡ് മുക്തമാക്കുകയാണ് യു.എ.ഇയുടെ ആദ്യലക്ഷ്യങ്ങളിലൊന്ന്. കോവിഡ് വാക്സിനേഷൻ പരമാവധി ജനങ്ങളിലേക്കെത്തിക്കുകയാണ് രാജ്യം. ഈ വർഷം അവസാനത്തോടെ നൂറു ശതമാനം വാക്സിനേഷൻ പൂർത്തീകരിക്കുന്ന വിധത്തിലാണ് പ്രവർത്തനങ്ങൾ. എക്സ്‌പോയിൽ പങ്കെടുക്കുന്ന മുഴുവൻ ഔദ്യോഗിക പങ്കാളികൾക്കും ജീവനക്കാർക്കും സൗജന്യ കോവിഡ് വാക്സിൻ നൽകുന്നുണ്ട്. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർേദശപ്രകാരമാണ് വാക്സിൻ യജ്ഞം നടക്കുന്നത്. 192 രാജ്യങ്ങളുടെ പ്രതിനിധികൾ, 34 രാജ്യങ്ങളുടെ കമ്മിഷണർ ജനറൽമാർ എന്നിവരുടെ സ്റ്റിയറിങ് കമ്മിറ്റി കോവിഡ് കാലത്തെ ലോക എക്സ്‌പോ എങ്ങനെ സുരക്ഷിതമാക്കാമെന്ന് ചർച്ച നടത്തിയിരുന്നു. ഇതിൽ ഇരുന്നൂറിലേറെ ഔദ്യോഗിക പങ്കാളികൾ വാക്സിൻ സ്വീകരിക്കും. സൗജന്യ വാക്സിൻ നൽകി പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യും. ലോകാരോഗ്യ സംഘടനകളുടെ നിർദേശങ്ങൾ പാലിച്ച് പ്രദർശന നഗരിയിൽ തെർമൽ ക്യാമറകൾ സ്ഥാപിക്കുന്നുണ്ട്. അണുനശീകരണത്തിന് സാനിറ്റൈസേഷൻ സെന്ററുകളുമുണ്ടാകും. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിക്കും.