വാഷിങ്ടൺ: യു.എസിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി സ്ഥാനമേൽക്കുമ്പോൾ കമലാ ഹാരിസിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക സുപ്രീംകോടതിയിലെ ആദ്യ ഹിസ്പാനിക് ജസ്റ്റിസായ സോണിയ സൊട്ടൊമെയർ. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ. വൈസ് പ്രസിഡന്റാകുന്ന ആദ്യ കറുത്തവംശക്കാരി, ദക്ഷിണേഷ്യൻ എന്നീ നിലകളിലും 58-കാരിയായ കമല ചരിത്രംകുറിക്കും. ജസ്റ്റിസ് സോണിയയുടെ ജീവിതസാഹചര്യങ്ങളിൽ കമല ഏറെ പ്രചോദിതയായിരുന്നുവെന്ന് എ.ബി.സി. ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇരുവരും മുൻ പ്രോസിക്യൂട്ടർമാരായും പ്രവർത്തിച്ചിട്ടുണ്ട്. കമല കാലിഫോർണിയയിലും സോണിയ ന്യൂയോർക്കിലും പ്രോസിക്യൂട്ടറായിരുന്നു. യു.എസ്. സുപ്രീംകോടതിയിലെ മൂന്നാമത്തെ വനിതാജസ്റ്റിസ് കൂടിയാണ് 66-കാരിയായ സൊട്ടൊമെയർ.

കമല ഇന്ന് സെനറ്റ് സീറ്റൊഴിയും

വിൽമിങ്ടൺ: കമലാ ഹാരിസ് തന്റെ കാലിഫോർണിയ സെനറ്റ് സീറ്റിൽനിന്ന് തിങ്കളാഴ്ച രാജിവെക്കും. ബുധനാഴ്ച വൈസ് പ്രസിഡന്റായി സ്ഥാനമേൽക്കുന്നതിനു മുന്നോടിയായാണിത്. സെനറ്റ് യോഗം ചേരാത്തതിനാൽ കമലയുടെ വിടവാങ്ങൽ പ്രസംഗമുണ്ടാവില്ല. അതേസമയം, രണ്ടുവർഷത്തെ കാലാവധിയാണ് സെനറ്റിൽ അവർക്ക് അവശേഷിച്ചിരുന്നത്. അലെക്സ് പാഡില്ലയാണ് ഇവിടെ കമലയുടെ പിൻഗാമിയാവുക. നിലവിൽ കാലിഫോർണിയ സെക്രട്ടറി ഓഫ് സ്റ്റേറ്റായ അദ്ദേഹം ചുമതലയേൽക്കുന്നതോടെ കാലിഫോർണിയയിൽനിന്നുള്ള ആദ്യ ലാറ്റിൻ സെനറ്ററായിരിക്കും.