കാഠ്മണ്ഡു: പതിയിരുന്ന മരണത്തെയും മരവിപ്പിച്ച തണുപ്പിനെയും മറികടന്ന് മഞ്ഞിൽപ്പുതഞ്ഞുകിടന്ന കെ-2 പർവതം നേപ്പാളിലെ പത്തംഗ പർവതാരോഹകസംഘം കീഴടക്കി.

എവറസ്റ്റ് കഴിഞ്ഞാൽ ലോകത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ കെ-2-വിനെ മഞ്ഞുകാലത്ത് മനുഷ്യൻ കാൽക്കീഴിലാക്കുന്നത് ഇതാദ്യം. 28,251 അടി (8,611 മീറ്റർ)യാണ് കെ-2 വിന്റെ ഉയരം.

എവറസ്റ്റിനെക്കാൾ 200 മീറ്റർ മാത്രം കുറവ്.

മഞ്ഞുകാല പർവതാരോഹണചരിത്രത്തിൽ ഇതോടെ പുതിയൊരധ്യായംകൂടി എഴുതിച്ചേർക്കപ്പെട്ടുവെന്ന് സംഘത്തെ അഭിനന്ദിച്ചുകൊണ്ട് നേപ്പാൾ ടൂറിസം വകുപ്പ് പ്രതികരിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഘം പർവതത്തിൻറെ ഉച്ചിയിലെത്തിയത്. മിംഗ്‌മ ഗ്യാൽജേ, നിർമൽ പുർജ, പുൻ മാഗർ, ഗെൽജെ ഷെർപ, മിംഗ്‌മ ഡേവിഡ് ഷെർപ, മിംഗ്‌മ ടെൻസി ഷെർപ, ദവ തെംബ ഷെർപ, പ്രേം ച്ഛിരി ഷെർപ, കിലു പ്രേംബ ഷെർപ, ദവ തെൻജിങ് ഷെർപ, സോന ഷെർപ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

കടുത്തമഞ്ഞും ഭൂമിശാസ്ത്രപരമായ തിരിച്ചടികളുമേറെയാണ് കെ-2-വിൽ. വന്യമായ കൊടുമുടിയെന്ന വിളിപ്പേരും കെ-2വിനുണ്ട്. ഈ മഞ്ഞുകാലത്ത് ചരിത്രംകുറിക്കാൻ ഒട്ടേറെ പർവതാരോഹകർ കെ-2വിലെത്തിയിരുന്നെങ്കിലും പലരും ഇടയ്ക്കുവെച്ച് കൊഴിഞ്ഞുപോയി. കഴിഞ്ഞയാഴ്ച ദൗത്യത്തിനിടെ ഒരു സ്പെയിൻ പൗരൻ വീണുമരിക്കുകയുംചെയ്തു. 2008-ൽ ഇവിടെ 11 പർവതാരോഹകർ മരിച്ചിരുന്നു. പാക് അധിനിവേശ കശ്മീരിൽ സ്ഥിതിചെയ്യുന്ന കെ-2 ഹിമാലയ പർവതനിരയുടെ ഭാഗമായ കാരക്കോറത്തിലാണുള്ളത്. 1987-’88 കാലഘട്ടത്തിലാണ് ആദ്യമായി കെ-2 കീഴടക്കാൻ ശ്രമം നടക്കുന്നത്. നേപ്പാളിലെ ഷെർപ വംശക്കാരാണ് കെ-2-വിലെത്തുന്ന വിദേശികളായ പർവതാരോഹകരുടെ നട്ടെല്ല്. കയറ്റത്തിനുള്ള പരിശീലനവും സഹായവുമടക്കം ഷെർപകളാണ് നൽകിവരുന്നത്. ലോകത്തെ 8000 അടിക്കുമുകളിലുള്ള 14 പർവതങ്ങളിൽ മഞ്ഞുകാലത്ത് മനുഷ്യർ കീഴടക്കാത്ത ഒരേയൊരു പർവതമായിരുന്നു ഇതുവരെ കെ-2.