വാഷിങ്ടൺ: ഏഷ്യ പസഫിക് മേഖലയിലെ ചൈനയുടെ വെല്ലുവിളി നേരിടാൻ പങ്കാളിത്തവുമായി ബ്രിട്ടനും യു.എസും ഓസ്ട്രേലിയയും. ഇതിന്റെ ഭാഗമായി ‘എ.യു.കെ.യു.എസ്.’ എന്നു പേരിലുള്ള കരാർ പ്രഖ്യാപിച്ചു. യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എന്നിവർ നടത്തിയ സംയുക്ത വെർച്വൽ പത്രസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

അതേസമയം, അങ്ങേയറ്റം നിരുത്തരവാദപരമായ നടപടിയാണിതെന്ന് ചൈന കുറ്റപ്പെടുത്തി. പ്രദേശത്തെ സമാധാനത്തെയും സ്ഥിരതയയെയും തകർക്കുന്നതും ആയുധമത്സരത്തിന് ആക്കംകൂട്ടുന്നതുമാണ് ഈ കരാറെന്ന് ചൈനീസ് വിദേശമന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു. ശീതയുദ്ധ മനോഭാവമാണ് കരാറിലൂെട രാജ്യങ്ങൾ പ്രകടിപ്പിക്കുന്നതെന്ന് വാഷിങ്ടണിലെ ചൈനീസ് നയതന്ത്രകാര്യാലയവും കുറ്റപ്പെടുത്തി.

അതിനിടെ, തങ്ങളുമായുള്ള അന്തർവാഹിനി കരാർ റദ്ദാക്കാനുള്ള ഓസ്‌ട്രേലിയയുടെ തീരുമാനത്തിനെതിരേ ഫ്രാൻസ് രംഗത്തെത്തി. പിന്നിൽനിന്നുള്ള കുത്താണിതെന്ന് ഫ്രഞ്ച് വിദേശമന്ത്രി ജീൻ വൈവെസ് ലി ദ്രിയൻ നടപടിയെ വിശേഷിപ്പിച്ചു. പുതിയ കരാറിനെതുടർന്ന് 12 അന്തർവാഹിനികൾ നിർമിക്കാനുള്ള ഇടപാടിൽനിന്ന്‌ ഓസ്ട്രേലിയ പിന്മാറുകയായിരുന്നു.

നിർമിതബുദ്ധി അടക്കമുള്ള പുത്തൻ സാങ്കേതികവിദ്യകൾ ഉൾപ്പെടുന്നതാണ് കരാർ. സൈനികശേഷി, സൈബർ, ആഴക്കടൽ സാങ്കേതികവിദ്യ എന്നിവയുടെ പങ്കാളിത്തം എന്നിവയിൽ കരാർ ശ്രദ്ധചെലുത്തും.