കേപ് കനവറൽ: നാലു സാധാരണക്കാരെ ബഹിരാകാശത്തെത്തിച്ച് ചരിത്രനേട്ടവുമായി സ്പേസ് എക്സ്. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടേയാണ് ഫ്ളോറിഡയിലുള്ള നാസയുടെ കെന്നഡി സ്പേസ് സെന്ററിൽനിന്ന്‌ ഫാൽക്കൺ 9 റോക്കറ്റിൽ നാലംഗസംഘം ബഹിരാകാശത്തേക്ക് കുതിച്ചത്.

യു.എസ്. സാമ്പത്തികസേവനസ്ഥാപനമായ ഷിഫ്റ്റ് 4 പേമെന്റ്സ് സ്ഥാപകൻ ജാരെഡ് ഐസാക്‌മാൻ, കുട്ടിക്കാലത്തുതന്നെ രക്താർബുദം ബാധിച്ച ഹാലി ആർസെനോക്സ്, സിയാൻ പ്രോക്ടർ, ക്രിസ് സെബ്രോസ്കി എന്നിവരാണ് സംഘത്തിലുള്ളത്. മറ്റു മൂന്നുപേരുടെയും ചെലവുവഹിക്കുന്നത് ഐസാക്‌മാനാണ്. ഇവർക്കാർക്കും ദീർഘകാലത്തെ ബഹിരാകാശപരിശീലനം ലഭിച്ചിട്ടില്ല. ആറുമാസം മുമ്പാണ് യാത്രക്കാരെ തിരഞ്ഞെടുത്തത്. സെയ്‌ന്റ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ആശുപത്രിക്കുവേണ്ടിയുള്ള ഫണ്ട് സമാഹരണമാണ് യാത്രയുടെ പ്രധാനലക്ഷ്യം.

ക്രൂ ഡ്രാഗൺ വാഹനത്തിൽ ഭൂമിയെ വലംവെക്കുന്ന സംഘം, മൂന്നുദിവസത്തിനുശേഷം തിരിച്ച് ഫ്ളോറിഡ തീരത്തോടുചേർന്ന് കടലിൽ ലാൻഡ് ചെയ്യും. ശതകോടീശ്വരൻ എലോൺ മസ്കിൻറെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ബഹിരാകാശ വിനോദസഞ്ചാരത്തിന്റെ ഭാഗമായുള്ള ആദ്യത്തെ യാത്രയാണിത്.

ദൗത്യം പൂർത്തിയാക്കി ചൈനീസ് ബഹിരാകാശയാത്രികർ

ബെയ്ജിങ്: ചൈനയുടെ ബഹിരാകാശനിലയമായ ടിയാങ്ങോങ്ങിൽ മൂന്നുമാസം നീണ്ട ദൗത്യം പൂർത്തിയാക്കി ചൈനീസ് ബഹിരാകാശയാത്രികർ. യാത്രികരായ നീ ഹെയ്ഷെങ്, ലിയു ബോമിങ്, താങ് ഹോങ് ബോ എന്നിവർ വ്യാഴാഴ്ച ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചതായി ചൈനീസ് സർക്കാർ മാധ്യമമായ സി.സി.ടി.വി. അറിയിച്ചു.

ജൂൺ 17-നാണ് നിലയത്തിലെ പ്രധാന മൊഡ്യൂളായ ടിയാൻഹിയിൽ മൂന്നംഗസംഘം എത്തിച്ചേർന്നത്. നിലയത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുകയെന്നതായിരുന്നു ലക്ഷ്യം. അടുത്തവർഷത്തോടെ നിലയത്തിന്റെ പണി പൂർത്തിയാക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.