വാഷിങ്ടൺ: താലിബാൻ അധികാരമേറ്റതിനുപിന്നാലെ അഫ്ഗാനിസ്താനിൽ ഭീകരസംഘടനയായ അൽഖായിദയും ശക്തിയാർജിക്കുന്നതായി യു.എസ്.

ഇതിനു തെളിവുകൾ ലഭിച്ചതായും രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ. പറഞ്ഞു. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ഭീകരരുടെ നീക്കങ്ങൾ തകർക്കുന്നതിനുള്ള ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും സി.ഐ.എ. ഡെപ്യൂട്ടി ഡയറക്ടർ ഡേവിഡ് കോഹെൻ പറഞ്ഞു.

രണ്ടുവർഷംകൊണ്ട് പ്രതാപകാലത്തെ ശക്തിയിലേക്ക് തിരിച്ചെത്താൻ അൽ ഖായിദ ശ്രമിക്കുന്നതായാണ് യു.എസ്. രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്. അൽഖായിദയുടെ സാന്നിധ്യമാണ് 2001-ലെ യു.എസ്. അധിനിവേശത്തിനും 20 വർഷത്തോളം നീണ്ടുനിന്ന യുദ്ധത്തിനും പ്രധാന കാരണമായത്.

1990-2000 കാലഘട്ടത്തിൽ ഉസാമ ബിൻലാദന്റെ കീഴിൽ താലിബാൻനേതൃത്വവുമായി അടുത്തബന്ധമാണ് അൽ ഖായിദയ്ക്കുണ്ടായിരുന്നത്. യു.എസും സഖ്യസേനകളും രാജ്യംവിട്ട സാഹചര്യത്തിൽ ബന്ധം വീണ്ടും ശക്തമാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.