വാഷിങ്ടൺ: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജരുടെ വോട്ടുകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് മുന്നേറ്റമുണ്ടാക്കുമെന്ന് സർവേ. നിലവിൽ 28 ശതമാനം ഇന്ത്യക്കാരാണ് സർവേപ്രകാരം ട്രംപിനെ അനുകൂലിക്കുന്നത്. 66 ശതമാനം പേർ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡനെ അനുകൂലിക്കുന്നുണ്ടെങ്കിലും മുൻ തിരഞ്ഞെടുപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ട്രംപ് വൻ മുന്നേറ്റമുണ്ടാക്കുമെന്നാണ് ഫലം സൂചിപ്പിക്കുന്നത്. ആറുശതമാനം പേർ ആർക്കു വോട്ടുചെയ്യണമെന്നു തീരുമാനിച്ചിട്ടില്ലെന്നും സർവേ കണ്ടെത്തുന്നു.

2016-ലെ തിരഞ്ഞെടുപ്പിൽ 77 ശതമാനം ഇന്ത്യക്കാർ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്റനും 16 ശതമാനം ട്രംപിനുമാണ് വോട്ടുചെയ്തത്. 2012-ൽ 84 ശതമാനം പേർ ഡെമോക്രാറ്റിക് സ്ഥാനാർഥി ബരാക്ക് ഒബാമയ്ക്കാണ് വോട്ടുചെയ്തത്.

അടുത്തകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടതൽ ഊഷ്മളമായതാണ് ഇന്ത്യൻ വംശജർക്കിടയിൽ ട്രംപിന്റെ സ്വീകാര്യത വർധിപ്പിച്ചതെന്നു കണ്ടെത്തുന്ന സർവേ ഇന്ത്യസ്പോറയും ഏഷ്യൻ അമേരിക്കൻസ് ആൻഡ് പെസഫിക് ഐസ്‌ലാൻഡേഴ്‌സും സംയുക്തമായാണ് നടത്തിയത്.

ഇനിയും തീരുമാനമെടുക്കാത്ത ഇന്ത്യക്കാർ അനുകൂല നിലപാടെടുത്താൽ ട്രംപിന്റെ വോട്ടുശതമാനം 30 കടന്നേക്കുമെന്ന് സർവേക്ക്‌ നേതൃത്വം നൽകിയ കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസറായ കാർത്തിക് രാമകൃഷ്ണൻ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ഫലത്തിൽ നിർണായകമെന്നു കരുതപ്പെടുന്ന സംസ്ഥാനങ്ങളിൽ ഇന്ത്യൻ വംശജരുടെ എണ്ണം കൂടുതലായതിനാൽ വിജയത്തിനായി ഡെമോക്രാറ്റിക് പാർട്ടി ആവശ്യമായ പ്രചാരണപരിപാടികൾ സംഘടിപ്പിക്കണമെന്ന് കാർത്തിക് അഭിപ്രായപ്പെട്ടു.

ഇന്ത്യൻ വോട്ടുകളിൽ ആദ്യംമുതൽ ശ്രദ്ധപതിപ്പിച്ചിരുന്ന റിപ്പബ്ലിക്കൻ പാർട്ടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപും തമ്മിലുള്ള ബന്ധം ഉയർത്തിക്കാട്ടുന്ന പ്രചാരണവീഡിയോ ഉൾപ്പെടെ നേരത്തേ പുറത്തുവിട്ടിരുന്നു.