മോസ്കോ: റഷ്യയിൽ ആദ്യമായി പ്രതിദിന കോവിഡ് മരണം ആയിരം കടന്നു. ശനിയാഴ്ച 1,002 പേർ രോഗബാധിതരായി മരിച്ചപ്പോൾ 33,208 പേർക്ക് രോഗം സ്ഥിരീകരിച്ചു.

79.58 ലക്ഷം പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 2.22 ലക്ഷം പേർ മരിച്ചു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 33 ശതമാനം മാത്രമാണ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുള്ളത് എന്നത് രോഗവ്യാപനവും മരണനിരക്കും ഉയർത്തുന്നുണ്ട്. എന്നാൽ സാമ്പത്തികമേഖലയിലെ പ്രതിസന്ധി ഒഴിവാക്കാൻ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടതില്ലെന്നാണ് റഷ്യൻ സർക്കാരിന്റെ തീരുമാനം.

ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം 24.09 കോടി കടന്നിട്ടുണ്ട്. 49.07 ലക്ഷം പേർ രോഗികളായി മരിച്ചു. 4,37,942 പേർക്ക് ശനിയാഴ്ച രോഗബാധ സ്ഥിരീകരിച്ചു. 7001 പേർ മരിച്ചു. യു.എസ്., ഇന്ത്യ, ബ്രസീൽ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ.