വാഷിങ്ടൺ: അഫ്ഗാനിസ്താനിലെ കാബൂളിൽ ഓഗസ്റ്റ് 29-ന് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആളുമാറി കൊലപ്പെടുത്തിയവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് യു.എസ്.. അഫ്ഗാനിസ്താൻ വിടാൻ ആഗ്രഹിക്കുന്നവരെ തിരികെയെത്തിക്കാൻ വിദേശമന്ത്രാലയവുമായി ചേർന്നുപ്രവർത്തിക്കുകയാണെന്നും യു.എസ്. പ്രതിരോധ ആസ്ഥാനമായ പെന്റഗൺ അറിയിച്ചു.

മരിച്ചവരുടെ ആശ്രിതർ യു.എസ്. പ്രതിരോധ അണ്ടർ സെക്രട്ടറി കോളിൻ കാളുമായി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഐ.എസ്. ഭീകരനാണെന്ന് തെറ്റിദ്ധരിച്ചാണ് സന്നദ്ധപ്രവർത്തകനായ എസ്മറായി അഹമ്മദിനും കുടുംബത്തിനുംനേരെ യു.എസ്. ഡ്രോൺ ആക്രമണം നടത്തിയത്. മരിച്ചവരിൽ ഏഴുപേരും കുട്ടികളായിരുന്നു. ആക്രമണം കൈപ്പിഴയാണെന്ന് പെന്റഗൺ പിന്നീട് സമ്മതിച്ചിരുന്നു.