കാബൂൾ: അഫ്ഗാനിസ്താനിലെ കാണ്ഡഹാറിൽ ബിബി ഫാത്തിമ പള്ളിയിൽ വെള്ളിയാഴ്ചയുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഏറ്റെടുത്തു. പ്രാർഥനയ്ക്കിടെയുണ്ടായ ആക്രമണത്തിൽ 47 പേരാണ് കൊല്ലപ്പെട്ടത്.

പള്ളിയുടെ പ്രവേശനകവാടത്തിലെ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ ഭീകരർ കൊലപ്പെടുത്തി. അതിനുശേഷം ഒരു ഭീകരൻ പള്ളിയുടെ പ്രവേശനകവാടത്തിനുമുന്നിലും മറ്റൊരാൾ പള്ളിക്കകത്തും പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഐ.എസ്. പ്രസ്താവനയിൽ അറിയിച്ചു. അഫ്ഗാൻ പൗരന്മാരായ അനസ് അൽ ഖുറാസാനി, അബു അലി അൽ ബാലുചി എന്നിവരാണ് പൊട്ടിത്തെറിച്ച ഭീകരരെന്ന് ഐ.എസ് വാർത്താ ഏജൻസിയായ ‘അമാഖ്’ റിപ്പോർട്ടുചെയ്തു.

അഫ്ഗാന്റെ തെക്കൻ മേഖലയിൽ ഐ.എസ്. നടത്തുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്.