വാഷിങ്ടൺ: സൗരയൂഥപ്പിറവിയുടെ രഹസ്യം തേടി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ലൂസി പേടകം വിക്ഷേപിച്ചു. ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം മൂന്നുമണിക്ക് ഫ്ളോറിഡയിലെ കേപ് കനാവറൽ സ്പേസ് സ്റ്റേഷനിൽനിന്ന് അറ്റ്‌ലസ് വി റോക്കറ്റിലായിരുന്നു വിക്ഷേപണം.

വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ സ്ഥിതിചെയ്യുന്ന ട്രോജൻ ഛിന്നഗ്രഹങ്ങളിലാകും ലൂസി സൗരയൂഥത്തിന്റെ രഹസ്യം തിരയുക.

12 കൊല്ലം നീണ്ട പര്യവേക്ഷണ കാലഘട്ടത്തിൽ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള മെയിൻ ബെൽറ്റും ഏഴു ട്രോജൻ ഛിന്നഗ്രഹങ്ങളും പേടകം സന്ദർശിക്കും. ഗ്രഹങ്ങളുെട ഉദ്‌ഭവത്തെക്കുറിച്ചും സൗരയൂഥപ്പിറവിയെക്കുറിച്ചുമുള്ള പഠനത്തിൽ ലൂസി വിപ്ലവം സൃഷ്ടിക്കുമെന്ന് നാസ പ്രസ്താവനയിൽ അറിയിച്ചു.

സൗരയൂഥത്തോളംതന്നെ പ്രായമുള്ള ട്രോജൻ ഛിന്നഗ്രഹങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിനായി വിക്ഷേപിക്കുന്ന ആദ്യ പേടകമാണ് ലൂസി. ട്രോജനുകളുടെ ഘടന ക്യാമറകൾ ഉപയോഗിച്ച് ലൂസി കണ്ടെത്തും. പിണ്ഡം, സാന്ദ്രത എന്നിവയും അളക്കപ്പെടും.

സൂര്യനിൽനിന്ന് ഏറ്റവുമകലെ സൗരോർജമുപയോഗിച്ച് പ്രവർത്തിക്കുന്ന പേടകമാകും ലൂസി. 7360 കോടിയോളം രൂപയാണ് (98.1 കോടി ഡോളർ) പദ്ധതിയുടെ ചെലവ്.

ഏഴായിരത്തിലേറെ ട്രോജൻ ഛിന്നഗ്രഹങ്ങളാണുള്ളത്. ഇവ നിറത്തിലും ഘടനയിലും പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലതിനു ചുവപ്പും ചിലതിനു ചാരവും നിറമാണുള്ളത്.