ബർലിൻ: 2015-ൽ ലോകരാജ്യങ്ങളുമായി ഒപ്പുവെച്ച ആണവക്കരാറിൽനിന്ന് പിന്മാറാനുള്ള നീക്കങ്ങളിൽ ഇറാനുനേരെ സമ്മർദം ശക്തമാക്കി യൂറോപ്യൻ രാജ്യങ്ങൾ. യുറേനിയം നിർമിക്കാനുള്ള ഉപകരണങ്ങൾ സ്ഥാപിക്കാൻ തുടങ്ങിയതായി ഇറാൻ അറിയിച്ചതായി അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസി (ഐ.എ.ഇ.എ.) വ്യാഴാഴ്ച അറിയിച്ചിരുന്നു.
പ്രഖ്യാപനത്തിൽ ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ആശങ്കപ്രകടിപ്പിച്ചു. ഗുരുതരമായ സൈനിക പ്രത്യാഘാതങ്ങൾക്ക് നീക്കം വഴിവെച്ചേക്കുമെന്ന് പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി. ഗുണമേന്മയുള്ള ഇന്ധനം നിർമിക്കാനാണ് യുറേനിയം ഗവേഷണമെന്നാണ് ഇറാന്റെ വാദം.
എന്നാൽ, ആണവബോംബുകളിൽ യുറേനിയം ഉപയോഗിക്കുമെന്നതിനാൽ ഇവയുടെ നിർമാണം ആണവക്കരാർപ്രകാരം നിരോധിച്ചിട്ടുണ്ട്. 2015-ൽ കരാറിൽ ഇറാൻ ഒപ്പുവെച്ചിട്ടുണ്ട്. 2018-ൽ യു.എസ്. കരാറിൽനിന്ന് പിന്മാറിയെങ്കിലും ജർമനിയും ഫ്രാൻസും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങൾ കരാറുമായി മുന്നോട്ടുപോകുകയായിരുന്നു.