സിങ്കപ്പൂർ: രാജ്യത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ മാരിയമ്മനിൽ ഇന്ത്യക്കാരനായ പൂജാരിയുടെ പേരിൽ കേസെടുത്തു. ക്ഷേത്രത്തിന്റെ രണ്ട് മില്യൺ ഡോളറിലധികം (ഏകദേശം 14.5 കോടി രൂപ) വിലമതിക്കുന്ന ആഭരണങ്ങൾ പണയംവെച്ച കേസിലാണ് പൂജാരിക്കെതിരേ വിശ്വാസലംഘനത്തിന് കുറ്റം ചുമത്തി. ക്ഷേത്ര ജീവനക്കാരനായ കന്ദസ്വാമി സേനപതി(37)ക്കെതിരേയാണ് ക്രിമിനൽ വിശ്വാസലംഘനം നടത്തിയെന്നതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തതെന്ന് ചാനൽ ന്യൂസ് ഏഷ്യ റിപ്പോർട്ട് ചെയ്തു.

ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ കന്ദസ്വാമി 2016-നും 2020-നും ഇടയിൽ പലതവണ ആഭരണങ്ങൾ പണയംവെച്ചുവെന്നാണ് പരാതി. ആവശ്യമുള്ളപ്പോൾ ആഭരണങ്ങൾ പണയം വെച്ച് പിന്നീട് പണമുള്ളപ്പോൾ തിരിച്ചെടുക്കുകയാണ് ഇയാളുടെ രീതി. എന്നാൽ, കോവിഡ് വ്യാപനസമയത്ത് ചില പണയവസ്തുക്കൾ തിരികെയെടുക്കാൻ ഇയാൾക്ക് സാധിച്ചില്ല.

രാജ്യത്തിനു പുറത്തുള്ള ആളായതിനാൽ കന്ദസ്വാമിക്ക് വലിയ തുക പിഴനൽകാൻ സാധിക്കില്ലെന്ന് അദ്ദേഹത്തിനായി ഹാജരായ അഭിഭാഷകൻ പറഞ്ഞു. തുടർന്ന് സിങ്കപ്പൂർ കോടതി പ്രതിക്ക് 75,534 യു.എസ് ഡോളർ(ഏകദേശം 56 ലക്ഷം രൂപ) പിഴ ചുമത്തി ജാമ്യം അനുവദിച്ചു.