യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്രസഭയുടെ ഉപസംഘടനയായ യു.എൻ. കാപിറ്റൽ ഡെവലപ്‌മെന്റ് ഫണ്ടിന്റെ (യു.എൻ.സി.ഡി.എഫ്.) തലപ്പത്തേക്ക് ഇന്ത്യൻവംശജയായ പ്രീതി സിൻഹ. ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് വിദഗ്ധയായ പ്രീതിയെ സംഘടനയുടെ എക്സിക്യുട്ടീവ് സെക്രട്ടറിയായി തിരഞ്ഞെടുത്ത വിവരം യു.എൻ. അറിയിച്ചു.

വികസനത്തിൽ ഏറ്റവുംപിന്നിൽ നിൽക്കുന്ന രാജ്യങ്ങൾക്ക് ചെറുകിട സാമ്പത്തികസഹായങ്ങൾ നൽകുന്ന സംഘടനയാണ് ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന യു.എൻ.സി.ഡി.എഫ്. 1966-ൽ രൂപീകൃതമായ സംഘടന സ്ത്രീകൾ, യുവജനങ്ങൾ, ചെറിയ, ഇടത്തരം സ്ഥാപനങ്ങൾ തുടങ്ങിയ വിഭാഗങ്ങൾക്കിടയിലാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് രംഗത്ത് മൂപ്പതുവർഷത്തെ പരിചയമുള്ള പ്രീതിക്ക്‌, കോവിഡ് കാരണം സാമ്പത്തികമായി തകർന്ന രാജ്യങ്ങളെ ഉയർത്തിക്കൊണ്ടുവരാനും സുസ്ഥിര വികസനലക്ഷ്യങ്ങൾ നിറവേറ്റാനായി അവയെ പ്രാപ്തരാക്കാനും സാധിക്കട്ടെയെന്ന് പ്രീതിയെ സ്വാഗതംചെയ്തുകൊണ്ട് യു.എൻ.ഡി.പി. മേധാവി അഷിം സ്റ്റീനർ പറഞ്ഞു.