ടെഹ്‌റാൻ: ലോകരാജ്യങ്ങളുടെ എതിർപ്പ് മറികടന്ന് ഇറാൻ 60 ശതമാനം പരിശുദ്ധിയിൽ യുറേനിയം സമ്പുഷ്ടീകരണം തുടങ്ങി. വെള്ളിയാഴ്ച പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗെർ ഖലിബാഫാണ് ഇക്കാര്യമറിയിച്ചത്. ഇത്രയും ഉയർന്നതോതിൽ ആദ്യമായാണ് ഇറാൻ യുറേനിയം സമ്പുഷ്ടീകരിക്കുന്നത്. 90 ശതമാനമാണ് ആണവായുധ നിർമാണത്തിനുവേണ്ട പരിശുദ്ധി. അതേസമയം, എത്രത്തോളം യുറേനിയം ശേഖരിക്കാനാണ് ഇറാന്റെ പദ്ധതിയെന്ന് വ്യക്തമല്ല. നറ്റാൻസ് ആണവകേന്ദ്രത്തിലെ ഭീകരാക്രമണത്തിനുപിന്നാലെയാണ് ലോകരാജ്യങ്ങളുമായുണ്ടാക്കിയ ധാരണ തെറ്റിച്ച് ഇറാൻ യുറേനിയം സമ്പുഷ്ടീകരണം പ്രഖ്യാപിച്ചത്. ആക്രമണത്തിനുപിന്നിൽ ഇസ്രയേലാണെന്നാണ് ഇറാന്റെ ആരോപണം.

2015-ലെ ആണവക്കരാർ പുനഃസ്ഥാപിക്കുന്നതുസംബന്ധിച്ച് വിയന്നയിൽ ആണവശക്തിരാജ്യങ്ങളുമായി ഇറാന്റെ ചർച്ച നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ സംഭവം. ഇറാനുമേലുള്ള സാമ്പത്തിക ഉപരോധം പിൻവലിക്കുന്നതുസംബന്ധിച്ചും ചർച്ച നടക്കുന്നുണ്ട്.