ന്യൂയോർക്ക്: ഇന്ത്യൻ വംശജനായ ഗണിതശാസ്ത്രജ്ഞൻറെ മൃതദേഹം ന്യൂയോർക്കിലെ ഹഡ്‌സൺ നദിയിൽ കണ്ടെത്തി. 31-കാരനായ ഷുവ്രോ ബിശ്വാസാണ് മരിച്ചത്. ഷുവ്രോ മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നുവെന്നാണ് വിവരം. സ്വയംതൊഴിലിലേർപ്പെട്ടിരുന്ന ഷുവ്രോ സമീപകാലത്തത് ക്രിപ്‌റ്റോ കറൻസി സുരക്ഷാപ്രോഗ്രാമാണ് ചെയ്തുകൊണ്ടിരുന്നത്. നിർമിതബുദ്ധിയുമായി ബന്ധപ്പെട്ടും പ്രവർത്തിക്കുന്നുണ്ടായിരുന്നു. തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയതെന്നും കൊലപാതകം സംശയിക്കാൻ പ്രഥമദൃഷ്ട്യാ തെളിവൊന്നുമില്ലെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞകൊല്ലംമുതൽ ഷുവ്രോയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടായിരുന്നെന്നും വിദഗ്ധഡോക്ടറെ കാണാൻ ഉപദേശിച്ചെങ്കിലും തയ്യാറായില്ലെന്നും സഹോദരൻ ബിപ്‌രോജിത് ബിശ്വാസ് പറഞ്ഞു.