വാഷിങ്ടൺ: അമേരിക്കൻ നഗരമായ ഇന്ത്യാനാപോളിസിൽ വ്യാഴാഴ്ച അർധരാത്രിയോടെയുണ്ടായ വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു. അക്രമി സ്വയംവെടിവെച്ച് മരിക്കുകയുംചെയ്തു. ഇന്ത്യാനാപോളിസ് അന്താരാഷ്ട്ര വിമാനത്താവളത്തിനുസമീപമുള്ള ഫെഡ്എക്സ് വ്യാപാരകേന്ദ്രത്തിലാണ് വ്യാഴാഴ്ച രാത്രി 11-ഓടെ വെടിവെപ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിലാക്കി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കൂട്ടവെടിവെപ്പിൽ തന്റെ മരുമകൾക്ക് ഇടതുകാലിൽ പരിക്കേറ്റതായി ഇന്ത്യൻ വംശജനായ പർമീന്ദെർ സിങ് പറഞ്ഞു. സംഭവസമയം ഫെഡ് എക്സിനുസമീപം കാറിൽ ഡ്രൈവിങ് സീറ്റിലിരിക്കുകയായിരുന്നു അവരെന്നും സിങ് പറഞ്ഞു.

അതേസമയം, വെടിവെച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണത്തിന്റെ കാരണവും വ്യക്തമല്ല. സംഭവത്തിൽ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസ് വകുപ്പ് അറിയിച്ചു. ഓട്ടോമാറ്റിക് തോക്കുപയോഗിച്ചാണ് അക്രമി വെടിവെച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ഇക്കൊല്ലം യു.എസിലുണ്ടാകുന്ന മൂന്നാമത്തെ വലിയ വെടിവെപ്പാണിത്. കഴിഞ്ഞമാസം അറ്റ്‌ലാന്റയിൽ എട്ടുപേരും കൊളറാഡോയിൽ പത്തുപേരും വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.