യാങ്കോൺ: മ്യാൻമാറിൽ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത പട്ടാളഭരണകൂടത്തിനെതിരേ ജനാധിപത്യവാദികൾ സമാന്തരസർക്കാർ പ്രഖ്യാപിച്ചു. ഫെബ്രുവരിയിൽ ചുമതലയേറ്റെടുക്കാനിരുന്ന തിരഞ്ഞെടുക്കപ്പെട്ട സർക്കാരിലെ പാർലമെന്റംഗങ്ങളും ന്യൂനപക്ഷ പ്രതിനിധികളും പുതിയ ദേശീയ ഐക്യസർക്കാരിന്റെ ഭാഗമാണ്. നിലവിൽ വീട്ടുതടങ്കലിലുള്ള സ്യൂചിയെ സ്റ്റേറ്റ് കൗൺസിലറായി പ്രഖ്യാപിച്ചു. ഏതാനുംവകുപ്പുകളിലേക്ക് മന്ത്രിമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. മുൻസർക്കാരിലും സ്യൂചി ഇതേപദവിയാണ് വഹിച്ചിരുന്നത്. പട്ടാളം ഇതിനോട് പ്രതികരിച്ചിട്ടില്ല.

ന്യൂനപക്ഷനേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഏറെക്കാലമായി പോരാട്ടരംഗത്തുള്ള ന്യൂനപക്ഷ രാഷ്ട്രീയസംഘടനകൾ സഖ്യത്തിൽ ഔദ്യോഗികമായി ചേർന്നിട്ടുണ്ടോയെന്നു വ്യക്തമല്ല.

രാജ്യത്ത് ഏറെ ആദരിക്കപ്പെടുന്ന മുതിർന്നനേതാവ് മിൻ കോ നെയിങ് ആണ് പത്തുമിനിറ്റ് ദൗർഘ്യമുള്ള വീഡിയോയിലൂടെ ഐക്യസർക്കാർ പ്രഖ്യാപിച്ചത്. ജനാധിപത്യസർക്കാരിനെ ദയവുചെയ്ത് സ്വാഗതം ചെയ്യൂവെന്നും ജനങ്ങളുടെ ആഗ്രഹത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. അന്താരാഷ്ട്ര അംഗീകാരവും പിന്തുണയും ഉറപ്പാക്കുകയായിരിക്കും സർക്കാരിന്റെ പ്രഥമലക്ഷ്യം. ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണ് തങ്ങളെന്നും ലോകം അതംഗീകരിക്കുമെന്നും അന്താരാഷ്ട്ര സഹകരണവിഭാഗം മന്ത്രി ഡോ. സസ പറഞ്ഞു.

ഫെബ്രുവരി ഒന്നിനാണ് ആങ് സാൻ സ്യൂചിയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇതിനെതിരേ രംഗത്തെത്തിയിരുന്നു. പട്ടാളഭരണകൂടത്തിനുനേരെയുള്ള പ്രക്ഷോഭത്തിൽ ഇതുവരെ 726 പേരാണ് കൊല്ലപ്പെട്ടത്.