സ്‌ട്രാസ്ബർഗ്: അഫ്ഗാനിസ്താന് സഹായമായി 869 കോടി രൂപ (പത്തുകോടി യൂറോ) കൂടി നൽകുമെന്ന് യൂറോപ്യൻ യൂണിയൻ (ഇ.യു.) മേധാവി ഉർസുല ഫൺ ഡെർ ലെയ്‌ൻ. യൂണിയനിലെ മുഴുവൻ രാജ്യങ്ങളും അഫ്ഗാൻ ജനതയ്ക്കൊപ്പം നിൽക്കുമെന്നും അവർ പറഞ്ഞു.

വിപുലമായ പുതിയ അഫ്ഗാൻ സഹായ പാക്കേജ് വരും ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്നും ഉർസുല വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ താലിബാൻ അധികാരമേറ്റതിനു പിന്നാലെ ഇക്കൊല്ലത്തെ സഹായം 1735 കോടിയായി (20 കോടി യൂറോ) വർധിപ്പിക്കുന്നതായി ഇ.യു. അറിയിച്ചിരുന്നു.

പണം താലിബാൻ നിയന്ത്രണത്തിലുള്ള സർക്കാരിന് കൈമാറില്ല. സഹായമെത്തിക്കാനായി സന്നദ്ധപ്രവർത്തകരുടെ രാജ്യത്തേക്കുള്ള പ്രവേശനവും സുരക്ഷയും ഉറപ്പാക്കാൻ താലിബാൻ തയ്യാറാകണമെന്ന് ഇ.യു. ആവശ്യപ്പെട്ടിട്ടുണ്ട്.

അഫ്ഗാനിസ്താൻ വനിതാ ഫുട്ബോൾ സംഘം രാജ്യം വിട്ടു

ഇസ്‌ലാമാബാദ്: താലിബാൻ ഭീഷണിയെതുടർന്ന് ഒളിവിലായിരുന്ന അഫ്ഗാനിസ്താൻറെ 32 വനിതാ ഫുട്ബോൾ താരങ്ങൾ രാജ്യം വിട്ടു. ദേശീയ ജൂനിയർ ടീമിലെ അംഗങ്ങൾ ഉൾപ്പെടുന്ന സംഘം പാകിസ്താനിലെത്തിച്ചേർന്നതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.

കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് താലിബാനിൽനിന്നും ഭീഷണി നേരിട്ടിരുന്ന താരങ്ങൾക്ക് പാക് ഫുട്ബോൾ ഫെഡറേഷന്റെ ഇടപെടലിനെതുടർന്ന് പ്രത്യേക വിസ ലഭിക്കുകയായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. താലിബാൻ അധികാരം പിടിച്ചതിനു പിന്നാലെ ഖത്തറിലേക്ക് കടക്കാൻ സംഘം ശ്രമം നടത്തിയിരുന്നെങ്കിലും ഓഗസ്റ്റ് 26-ന് കാബൂളിൽ ഭീകരാക്രമണമുണ്ടായതോടെ പരാജയപ്പെടുകയായിരുന്നു.