സോൾ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തര, ദക്ഷിണ കൊറിയകൾ. ഉത്തരകൊറിയ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചതായി ബുധനാഴ്ച റിപ്പോർട്ടുകൾ പുറത്തുവന്നതിനുപിന്നാലെയാണ് ആദ്യത്തെ ആഴക്കടൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണകൊറിയ അറിയിച്ചത്.

800 കിലോമീറ്റർ സഞ്ചരിച്ച ഉത്തരകൊറിയൻ മിസൈലുകൾ ഇരുകൊറിയകളും ജപ്പാനും തമ്മിലുള്ള സമുദ്രാതിർത്തിയിൽ പതിച്ചതായി ദക്ഷിണകൊറിയൻ സൈന്യം പറഞ്ഞു. തദ്ദേശീയമായി നിർമിച്ച അന്തർവാഹിനി ബാലിസ്റ്റിക് മിസൈലാണ് തങ്ങൾ പരീക്ഷിച്ചതെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൻ ജേ ഇന്നിന്റെ കാര്യാലയം പ്രസ്താവനയിൽ അറിയിച്ചു.

ഉത്തരകൊറിയയുടെ പരീക്ഷണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യു.എസ്. രഹസ്യാന്വേഷണവിഭാഗം പരിശോധിച്ചുവരുകയാണ്. ബാലിസ്റ്റിക് പരീക്ഷണങ്ങൾ നടത്തുന്നതിൽനിന്ന്‌ ഉത്തരകൊറിയയെ വിലക്കിക്കൊണ്ട് ഐക്യരാഷ്ട്രസഭാരക്ഷാസമിതി പാസാക്കിയ പ്രമേയത്തെ ലംഘിക്കുന്നതാണ് പരീക്ഷണം. ദിവസങ്ങൾക്കുമുമ്പ് ദീർഘദൂര ക്രൂസ് മിസൈലുകൾ വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു.