ദുബായ്: പത്തുമണിക്കൂറിൽ കൂടുതൽ ദുബായിൽ ട്രാൻസിറ്റ് ഇടവേളയുള്ള യാത്രക്കാർക്ക് സൗജന്യതാമസം നൽകുമെന്ന് എമിറേറ്റ്‌സ് എയർലൈൻസ്. ദുബായ് കണക്ട് എന്നറിയപ്പെടുന്ന ഈ സേവനത്തിലൂടെ യാത്രക്കാർക്ക് സൗജന്യ ഹോട്ടൽ താമസത്തിനുപുറമെ വിസ ഉൾപ്പെടെ ലഭ്യമാക്കും.

10 മുതൽ 24 മണിക്കൂർ വരെ ട്രാൻസിറ്റ് ഇടവേളയുള്ള യാത്രക്കാർക്കാണ് ദുബായ് കണക്ട് സേവനങ്ങൾ ലഭിക്കുക. ഫസ്റ്റ് ക്ലാസ്, ബിസിനസ്, ഇക്കോണമി എന്നീ എല്ലാ ക്യാബിൻ ക്ലാസുകളിലും യാത്രചെയ്യുന്നവർക്ക് ഇത് ലഭ്യമാണ്. ദുബായിലേക്കുള്ള യാത്രയ്ക്ക് 24 മണിക്കൂർ മുൻപെങ്കിലും സേവനം ബുക്കുചെയ്യണം. ദുബായ് കണക്ടർ പാക്കേജ് ലഭ്യമാകുന്ന ഇന്ത്യ, ബംഗ്ലാദേശ്, നൈജീരിയ, പാകിസ്താൻ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, യുഗാൺഡ, വിയറ്റ്‌നാം, സാംബിയ എന്നിവിടങ്ങളിൽനിന്ന് വരുന്ന യാത്രക്കാർ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചിരിക്കണം.