ദുബായ്: സന്ദർശക വിസ ലഭിക്കാൻ ഏർപ്പെടുത്തിയിരുന്ന അധിക നിബന്ധനകൾ ദുബായ് പിൻവലിച്ചു. പഴയരീതിയിൽത്തന്നെ യാത്രക്കാരന്റെ പാസ്പോർട്ട് കോപ്പിയും ഫോട്ടോയും മാത്രമുണ്ടെങ്കിൽ വിസയ്ക്ക് അപേക്ഷ നൽകാം. ദുബായ് താമസ-കുടിയേറ്റ വകുപ്പ് സന്ദർശക വിസയ്ക്ക് തിങ്കളാഴ്ച പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു.
സന്ദർശക വിസയിൽ എത്തുന്നയാൾ മാതൃരാജ്യത്തേക്ക് തിരിച്ചുപോകുമെന്ന് വ്യക്തമാക്കുന്ന സമ്മതപത്രം, ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ വിലാസം, യു.എ.ഇ.യിലുള്ള ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വിലാസം എന്നിവ നൽകിയാൽമാത്രമേ വിസ അനുവദിക്കൂ എന്നായിരുന്നു കഴിഞ്ഞദിവസം അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച് ട്രാവൽ ഏജൻസികൾക്കും അറിയിപ്പ് നൽകിയിരുന്നു. അതോടെ അന്നേ ദിവസത്തെ സന്ദർശകവിസാ അപേക്ഷകളൊന്നും പരിഗണിക്കാനായിരുന്നില്ല. കടുത്ത നിബന്ധനകൾ പിൻവലിച്ചത് വലിയ ആശ്വാസമായിരിക്കുകയാണ് ട്രാവൽ ഏജൻസികൾക്കും ദുബായിലേക്ക് എത്താനിരിക്കുന്നവർക്കും.